സ്ത്രീകളെ പ്രണയം നടിച്ച് ലൈംഗികമായി ഉപയോഗിക്കുന്ന ക്രിമിനലുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ സര്‍വസാധാരണമാണ്. ചതിയിലേക്കാണ് പോക്കെന്ന് അറിഞ്ഞിട്ടും പലരും ഇത്തരത്തില്‍ വലയില്‍ വീഴുന്നു. എന്നാല്‍ പെണ്‍കുട്ടികളെ കെണിയിലാക്കി ലൈംഗികമായി ഉപയോഗിച്ചശേഷം കൊലപ്പെടുത്തുന്ന സയനൈഡ് മോഹന്‍ എന്ന ക്രിമിനലിന്റെ കഥ ഞെട്ടിക്കുന്നതാണ്.
കായികാധ്യപകനായിരുന്നു മോഹന്‍കുമാര്‍ എന്ന യുവാവ്. സ്കൂളില്‍ കുട്ടികളോടൊക്കെ നല്ല സ്നേഹം. എന്നാല്‍ സ്ത്രീകള്‍ ഇയാള്‍ക്കൊരു വീക്ക്നെസായിരുന്നു. ഏതെങ്കിലും ഒരു പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ഇയാള്‍ പിന്നെ ദൗത്യം തുടങ്ങുകയായി. എങ്ങനെയെങ്കിലും അവരെ വശത്താക്കും. പിന്നീടാണ് ഒപ്പറേഷന്. നഗരത്തിലുള്ള ലോഡ്ജിലേക്ക് കാമുകിയെ കൊണ്ടുപോകും. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് ഭാര്യാഭര്ത്താക്കന്മാര് എന്ന നിലയില്‍ താമസിക്കും. ലോഡ്ജില്‍ നിന്നും പോയാല്‍ അടുത്ത ബസ് സ്റ്റാന്‍ഡില്‍വച്ച് മൂത്രപ്പുരയില്‍ പോയി ഗര്‍ഭനിരോധന ഗുളികയാണെന്നും മൂത്രശങ്കയുണ്ടാകുമെന്നും ഇത് കഴിച്ചിട്ട് അത് തീര്‍ത്ത് വരാനും പറയും. എന്നാല്‍ മൂത്രപ്പുരയില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇയാള്‍ നല്കുന്ന സയനൈഡ് കഴിച്ച് അവിടെ തന്നെ മരിച്ചു വീഴും. ഈ സമയം പെണ്‍കുട്ടികള്‍ കൊണ്ടു വരുന്ന പണവും സ്വര്‍ണവുമായി ഇയാള്‍ മുങ്ങും.
ഇരുപതോളം സ്ത്രീകളെ കൊലപ്പെടുത്തിയ ഈ കൊടും കുറ്റവാളിക്ക് കഴിഞ്ഞദിവസമാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മോഹന്‍ കുമാര്‍ മൂന്നു വിവാഹം ചെയ്തിരുന്നു. ആദ്യ വിവാഹം ഒഴിവായ ശേഷം രണ്ടു വിവാഹം ചെയ്തിരുന്നു. നാലു മലയാളികളെയടക്കം 20 യുവതികളെ പീഡിപ്പിച്ച സയനൈഡ് മോഹനെ ഒരു കേസില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. മംഗലാപുരം നാലാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ബണ്ട്വാള്‍ കന്യാനയിലെ കായികാദ്ധ്യാപകനായ സയനൈഡ് മോഹന്‍ എന്ന മോഹന്‍ കുമാറിന് ശിക്ഷ വിധിച്ചത്.
മോഹന്‍ കുമാറിന്റെ മരണ വലയില്‍ നിന്നും കഷ്ടിച്ചു രക്ഷപെട്ട ഒരു യുവതിയാണ് ഇയാളെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത്. വിവാഹം വാഗ്ദാനം ചെയ്ത്, പ്രലോഭിപ്പിച്ച് മടിക്കേരിയിലെ ഒരു ലോഡ്ജിലെത്തിച്ച ആ യുവതിയെ മോഹന്‍ കുമാര്‍ ഉപയോഗിച്ചു. പതിവു പോലെ ബസ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം ഗുളിക നല്കി, സ്റ്റാന്‍ഡിലെ മൂത്രപ്പുരയിലേക്ക് പറഞ്ഞു വിട്ടു. എന്നാല്‍ ഗുളിക വിഴുങ്ങുന്നതിനു പകരം അവള് അതിലൊന്നു നക്കുക മാത്രമേ ചെയ്തുള്ളു. ഉടന്‍ നിലത്തു വീണു. എന്നാല്‍ ഭാഗ്യവശാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട അവള് രക്ഷപെട്ടു. ആത്മഹത്യാ ശ്രമം എന്നായിരുന്നു ആശുപത്രിയില്‍ യുവതി പറഞ്ഞിരുന്നത്. തുടര്‍ന്ന് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നാട്ടില്‍ തിരികെയെത്തി. മൂന്നു മാസങ്ങള്‍ക്കു ശേഷം അവളുടെ വിവാഹവും നടന്നു. കേസിന്റെ പ്രധാന്യം ബോധ്യപ്പെടുത്തിയതോടെ മോഹന്‍ കുമാറിനെതിരെ മൊഴി നല്കാന് യുവതി തയാറതോടെ സീരിയല്‍ കില്ലര്‍ അഴിക്കുള്ളിലായി.