കോട്ടയം: മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്.
മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും സുഭാഷിന്റെ മൃതദേഹം അദ്ദേഹത്തിന്റെ മുറിയിലുമാണു കിടന്നത്.
രാജമ്മ രോഗബാധിതയായിരുന്നു. സുഭാഷ് സ്ഥിരം മദ്യപാനിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നു പുലർച്ചെയോടെ എഴുന്നേറ്റ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്.
ഇതേത്തുടർന്ന് മധു സുഭാഷിന്റെ അടുത്തെത്തി. സുഭാഷിനെ വിളിച്ചെങ്കിലും ഇയാൾക്കും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പേരും മരണപ്പെട്ടതായി കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രിയിലേക്കു മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.