വടകര: തിരുവള്ളൂരില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അമ്മയുടേയും രണ്ട് മക്കളുടേയും പോ്സ്റ്റ്മോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടക്കും. ചിറമുക്കിലെ കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അനന്ദലക്ഷ്മി (അഖില 32), മക്കളായ കശ്യപ് (06), വൈഭവ് (ആറ് മാസം) എന്നിവരെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിത്.
ഇന്നലെ പുലര്‍ച്ചെ പൂജയ്ക്ക് പോയ നിധീഷ് നമ്പൂതിരി അഖിലയെ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് തിരിച്ചെത്തി തെരച്ചില്‍ നടത്തുന്നതിനിടയില്‍ കിണറ്റില്‍ കാണപ്പെടുകയായിരുന്നെന്ന് പറയുന്നു. മക്കളെ ദേഹത്ത് കെട്ടിവച്ച് കിണറ്റില്‍ ചാടിയെന്നാണ് അനുമാനം. ഓടിക്കൂടിയ നാട്ടുകാര്‍ വൈഭവിനെ കരക്കെത്തിച്ച് തിരുവള്ളൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സെത്തിയാണ് മറ്റ് രണ്ട് പേരേയും കരക്കെത്തിച്ചത്.
പാലക്കാട് നെന്മാറ ഐലൂര്‍ പരേതനായ ശ്രീരാമ അയ്യരുടെയും സത്യവതിയുടേയും മകളാണ് അഖില. സഹോദരന് സുന്ദരം. മരണത്തില്‍ ആരും ഉത്തരവാദിയല്ലെന്നാണ് അഖില എഴുതി വെച്ച കത്തില്‍ പറയുന്നത്. ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല. പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം ഭാര്യയും മക്കളും സന്തോഷത്തോടെ കഴിയുന്നതിനിടയിലുണ്ടായ മരണം നാടിനെ നടുക്കിയിരിക്കുകയാണ്. കുടുംബപരമായി യാതൊരുപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.