ന്യൂഡൽഹി: രാജ്യത്ത് സാധാരണക്കാരുടെയും കർഷകരുടെയും ആത്മഹത്യ പെരുകുന്നതായി കേന്ദ്രസർക്കാർ. 1,64,033 പേരാണ് രാജ്യത്ത് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തത്.
2021ൽ മാത്രം പ്രതിദിനം 115 ദിവസക്കൂലിക്കാരും 63 വീട്ടമ്മമാരും ആത്മഹത്യ ചെയ്തു എന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയത്.
നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയിൽ നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സഹമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
42,004 ദിവസവേതനക്കാരും 23,179 വീട്ടമ്മമാരും കഴിഞ്ഞവർഷം ആത്മഹത്യ ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്വയംതൊഴിൽ ചെയ്യുന്നവർ 20,231, ശന്പളക്കാർ 15,870, തൊഴിൽ രഹിതർ 13,714, വിദ്യാർഥികൾ 13,089, ബിസിനസ് ചെയ്യുന്നവർ 12,055, സ്വകാര്യസംരംഭങ്ങളിൽ ഏർപ്പെട്ടവർ 11,431 എന്നിങ്ങനെയാണ് കണക്കുകൾ.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട് അതിജീവനം നടത്തുന്ന 10,881 പേരും കർഷകരായ 5,563 പേരും കർഷകത്തൊഴിലാളികളായ 5,318 പേരും ആത്മഹത്യ ചെയ്തു.
കർഷകത്തൊഴിലാളികളുടെ സഹായത്തോടുകൂടിയോ അല്ലാതെയോ കൃഷി ചെയ്തിരുന്ന 4,806 പേരും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന 512 പേരും ജീവനൊടുക്കിയതായും മന്ത്രി വ്യക്തമാക്കി.