മലപ്പുറം: നിലമ്പൂരില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരേ ആരോപണം. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ജാസിതാണ് ആത്മഹത്യ ചെയ്തത്. പ്രണയ ബന്ധവുമായി ബന്ധപ്പെട്ട് മുഹമ്മദ് ജാസിതിനെ നിരന്തരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുമായിരുന്നു, പക്ഷേ തനിക്ക് പറയാനുള്ളത് പോലും കേള്‍ക്കാന്‍ പോലീസുകാർ തയാറായില്ലെന്ന് പറഞ്ഞ് യുവാവ് ഒരു വിഡിയോ ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ആ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെയാണ് മുഹമ്മദ് ജാസിതിനെ വീടിന്റെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. താന്‍ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും മരിച്ചാല്‍ അതിന് ഉത്തരവാദി നിലമ്പൂര്‍ പോലീസും യുവതിയുടെ മാതാവും ആയിരിക്കും എന്ന് വിഡിയോയില്‍ ആരോപിക്കുന്നു. തന്റെ ഫോണിലെ ചില രേഖകള്‍ പോലീസ് നശിപ്പിച്ചെന്നും യുവാവ് വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പോലീസിനെതിരേ യുവാവിന്റെ കുടുംബം രംഗത്തെത്തി.