കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. ചക്കിട്ടപ്പാറ സ്വദേശി തോമസ് കാവില്‍പുരയിടത്തില്‍ (ജോയ്) ആണ് മരിച്ചത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിലുള്ള മനഃപ്രയാസത്തിലാണ് കര്‍ഷകന്‍ തൂങ്ങിമരിച്ചത്. വൈകിട്ട് എട്ടുമണിയോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെമ്പനോട വില്ലേജില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഭൂനികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ നേരത്തെയും ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ പ്രശ്‌നമുണ്ടായപ്പോള്‍ തോമസ്, വില്ലേജ് ഓഫിസിനു മുന്നില്‍ കുടുംബത്തോടൊപ്പം നിരാഹാരം നടത്തിയിരുന്നു. സമരത്തെ തുടര്‍ന്ന് നികുതി സ്വീകരിക്കുകയായിരുന്നു.
കുടുംബത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട ചില അവകാശ പ്രശ്‌നങ്ങളാണ് നികുതി സ്വീകരിക്കാത്തതിന് പിന്നില്‍ എന്നാണ് അറിയുന്നത്. ഈ വര്‍ഷവും നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്ന് കര്‍ഷകന്‍ വില്ലേജ് ഓഫിസര്‍ക്ക് ആത്മഹത്യ കുറിപ്പ് നല്‍കിയിരുന്നു. തൂങ്ങിമരിച്ച കര്‍ഷകന്റെ മൃതദേഹം വില്ലേജ് ഓഫീസില്‍ നിന്ന് അഴിച്ചുമാറ്റാനുള്ള പൊലീസ് നീക്കം പ്രതിഷേധത്തിനിടയാക്കി. കളക്ടറോ, തഹസില്‍ദാരോ എത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്നു നാട്ടുകാര്‍ നിലപാട് എടുത്തതോടെ പോലീസ് പിന്‍വാങ്ങി. പിന്നീട് കളക്ടര്‍ സ്ഥലത്ത് എത്തി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദികള്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്നാണ് ആരോപണം. മരിച്ച ജോയിയുടെ ഭാര്യ മോളിയും സഹോദരന്‍ ജോണിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോയി ജീവനൊടുക്കിയത് ഉദ്യോഗസ്ഥ പീഡനം മൂലമാണ്.
ഉദ്യോഗസ്ഥര്‍ക്ക് ജോയി ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കിയിരുന്നു. നേരത്തെ, ഈ ആത്മഹത്യാക്കുറിപ്പ് വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ ജോയിയുടെ ഭാര്യയെ വിളിച്ചു വരുത്തി കൈമാറിയിരുന്നു- ജോണി പറഞ്ഞു. ജോയിയുടെ ഭാര്യ മോളിയുടെ കരച്ചിലാണ് ചക്കിട്ടപ്പാറയെ വേദനിപ്പിക്കുന്നത്. മൂന്ന് പെണ്‍കുഞ്ഞുങ്ങളുമായി ഇനി എന്തു ചെയ്യുമെന്നതാണ് ഉയരുന്ന ചോദ്യം. എല്ലാം നഷ്ടപ്പെടുത്തിയ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കില്ല. കൈക്കൂലി നല്‍കാത്തതാണ് എന്റെ ഭര്‍ത്താവിന്റെ ജീവനെടുത്തത്. ഒന്നര വര്‍ഷമായി കരം അടയ്ക്കാന്‍ കയറി ഇറങ്ങിയിട്ടും അവര്‍ സമ്മതിച്ചില്ല-ജോയിയുടെ ഭാര്യ പറയുന്നു. അതിനിടെ നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം ഗൗരവമേറിയതാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചു.
ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടു വര്‍ഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നില്‍ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു ജോയി. വില്ലേജ് ഓഫീസില്‍ കുടുംബസമേതം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തഹസീല്‍ദാര്‍ ഇടപെടുകയും ഇയാളുടെ നികുതി സ്വീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും നികുതി സ്വീകരിക്കാതെ വന്നതോടെ ജോയി ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വില്ലേജ് ഓഫീസില്‍ നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുള്ള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ബന്ധുക്കളും മൊഴി നല്‍കി. അമ്പിളി, അഞ്ചു, അമല്‍ എന്നിവരാണ് ജോയിയുടെ മക്കള്‍.