തിരുവനന്തപുരം: നടന് കൊച്ചുപ്രമന്റെ മകന് ഹരികൃഷ്ണന് വിവാഹം ചെയ്യാനിരുന്ന പെണ്കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണം പോലീസ് കണ്ടെത്തി. സാമ്പത്തിക പ്രശ്നങ്ങളാണ് വിന്ദുജയുടെ ജീവനെടുത്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറു വര്ഷം പ്രണയിച്ചിട്ടും രഹസ്യമായി വച്ച സാമ്പത്തിക പ്രശ്നങ്ങള് കാമുകനറിഞ്ഞതാണ് വിന്ദുജയെ ജീവനൊടുക്കാന് പ്രേരിപ്പിച്ചതെന്നും പോലീസ് പറയുന്നു. ടെക്നോപാര്ക്കിലെ തേജസ്വിനി സമുച്ചയത്തിലെ അലയന്സ് എന്ന കമ്പനിയില് ഒരുമിച്ച് ജോലി ചെയ്യുന്ന സമയത്താണ് വിന്ദുജയും ഹരികൃഷ്ണനും അടുക്കുന്നത്. കുറച്ചുനാള് കഴിഞ്ഞപ്പോള് വിന്ദുജ അലയന്സ് വിട്ടു പഞ്ചാബ് നാഷണല് ബാങ്കിലേക്കും അവിടെനിന്ന് എച്ച്ഡിഎഫ്സി ഇന്ഷുറന്സിലേക്കും മാറിയെങ്കിലും പ്രണയം തുടരുകയായിരുന്നു.
വന് സാമ്പത്തിക ബാധ്യതകള് വിന്ദുജയ്ക്കുള്ള കാര്യം ഹരികൃഷ്ണന് അറിയുന്നത് അടുത്ത കാലത്താണ്. അലയന്സ് കമ്പനിയില് നിന്നും പിഎന്ബിയിലേക്ക് മാറിയ സമയത്ത് പെണ്കുട്ടിക്ക് ചില സാമ്പത്തിക ഇടപാടുകളില് ഏര്പ്പെട്ടിരുന്നു. ഒരു സുഹൃത്തിന്റെ പക്കല് നിന്നും പണത്തിനായി സ്വര്ണ്ണാഭരണങ്ങള് വാങ്ങിയിരുന്നു. പറഞ്ഞ സമയത്ത് ഇത് തിരിച്ച് നല്കാനാകാതിരുന്നതോടെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനില് കേസാവുകയും ചെയ്തു. സ്റ്റേഷനിലെ മധ്യസ്ഥതയില് ആഭരണങ്ങള് തിരികെ നല്കാനുള്ള ദിവസമായി തീരുമാനിച്ച അന്നാണ് പെണ്കുട്ടി ഫ്ളാറ്റില് ആത്മഹത്യ ചെയ്തത്.
ഒരു സുഹൃത്തിന് ആഭരണങ്ങള് നല്കാനുള്ളതിന് പിന്നാലെ മറ്റൊരാള്ക്ക് ആറു ലക്ഷം രൂപ ഒരു പരിചയക്കാരന് വാങ്ങി നല്കിയ ബാധ്യതയും പെണ്കുട്ടിക്കുണ്ടായിരുന്നു. ഈ സമയത്താണ് ഹരികൃഷ്ണന് വിവാഹക്കാര്യം വീട്ടില് അവതരിപ്പിച്ചതും ഇരു വീട്ടുകാരും സംസാരിച്ച് നിശ്ചയം നടത്താന് തീരുമാനിച്ചതും. ഈ സമയത്തും സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഹരികൃഷ്ണന് അറിവുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു ദിവസം പെണ്കുട്ടിയുടെ ബാധ്യതകളെക്കുറിച്ച് ഒരു സുഹൃത്തു വഴിയാണ് ഹരികൃഷ്ണന് അറിയുന്നത്. തുടര്ന്ന് വിന്ദുജയുമായി ഇക്കാര്യം സംസാരിച്ച ഹരികൃഷ്ണന് കാര്യങ്ങള് മറച്ചുവച്ചതിലുള്ള നീരസം അറിയിക്കുകയും ചെയ്തു. ജവഹര് നഗറിലെ ഫ്ളാറ്റിലേക്ക് പെണ്കുട്ടിയും സഹോദരനും അമ്മയും താമസം മാറിയിട്ട് ഒരു മാസം ആവുന്നതേയുള്ളു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്ക്കായി അമ്മയും സഹോദരനും നാട്ടിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ.
ശനിയാഴ്ച രാവിലെ തന്നെ പെണ്കുട്ടി താന് ജീവിതം അവസാനിപ്പിക്കുകയാണെന്നും കൈയിലെ വെയിന് മുറിക്കുകയാണെന്നും ഹരിയ്ക്ക് സന്ദേശം അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടനെ തന്നെ ഹരി പെണ്കുട്ടിയെ തിരികെ വിളിച്ചുവെങ്കിലും ഫോണ് എടുത്തില്ല. ഇതേത്തുടര്ന്ന് വലിയവിളയിലെ വീട്ടില്നിന്നും ഹരികൃഷ്ണന് ഫ്ളാറ്റിലേക്ക് എത്തിയെങ്കിലും വാതില് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അടുത്ത ഫ്ളാറ്റിലെ ചിലരെ ഹരികൃഷ്ണന് വിളിച്ച് കാര്യം പറയുകയും ചെയ്തു. എല്ലാവരും ചേര്ന്ന് വാതില് തുറക്കാന് ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത ഫ്ളാറ്റില് പണിചെയ്തിരുന്ന ചില കാര്പെന്റര്മാരെ വിവരമറിയച്ചപ്പോള് അവര് വന്ന് വാതില് പൊളിച്ച് മാറ്റി അകത്തെത്തിയപ്പോള് കണ്ടത്. ഫാനില് തൂങ്ങി നില്ക്കുന്ന പെണ്കുട്ടിയെയാണ്.
ഉടന് തന്നെ കെട്ടഴിച്ച് ഹരികൃഷ്ണനും ഫ്ളാറ്റിലെ മറ്റ് ചിലരും ചേര്ന്ന് ഉടന് തന്നെ മെഡിക്കല് കോളേജില് എത്തിച്ചെങ്കിലും അപ്പോഴേക്കും പെണ്കുട്ടി മരിച്ചിരുന്നു. പിന്നീടാണ് പെണ്കുട്ടിയുടെ വീട്ടില് വിവരം അറിയിച്ചത്. മാവേലിക്കരയില്നിന്നും തിരിച്ചെത്തിയ അമ്മയുടേയും സഹോദരന്റേയും ഹരികൃഷ്ണന്റെ പിതാവ് കൊച്ചുപ്രേമന്റേയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള് പെണ്കുട്ടിയുടെ മൃതദേഹം ഇപ്പോഴും സംസ്കരിച്ചിട്ടില്ല. ആന്ഡമാനില് ഇലക്ട്രിസിറ്റി ബോര്ഡില് ജോലി ചെയ്യുന്ന അച്ഛന് വിജയന് വെള്ളിയാഴ്ചയെ എത്തുകയുള്ളു.ഒരു മാസം മുന്പാണ് പെണ്കുട്ടി ജവഹര് നഗറിലെ ശിവജി സഫയര് എന്ന ഫ്ളാറ്റിലെ ഡി 12 എന്ന അപ്പാര്ട്മെന്റിലേക്ക് മാറിയത്. എല്ലാവരോടും സൗഹൃദപരമായാണ് പെണ്കുട്ടി ഇടപെട്ടിരുന്നത്. പേട്ടയിലെ ഒരു വീട്ടിലാണ് ഇവര് ആദ്യം വാടകയ്ക്ക് താമസിച്ചിരുന്നത്. പിന്നീട് ബി ടെക് വിദ്യാര്ത്ഥിയായ സഹോദരനും അമ്മ സരസ്വതിക്കുമൊപ്പം ഇങ്ങോട്ടു മാറുകയായിരുന്നു.