പാലക്കാട്: മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നെന്മാറ വിത്തനശേരിയിൽ ബാലകൃഷ്ണൻ (65), മകൻ മുകുന്ദൻ (കണ്ണൻ കുട്ടി -39) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രിയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. ഇന്നു രാവിലെ സമീപത്തുള്ള ബന്ധുക്കൾ ചായയും കൊണ്ട് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഉമ്മറത്ത് മുകുന്ദന്റെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ബാലകൃഷ്ണനും മുകുന്ദനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്.
അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് മുകുന്ദന്റെ കാൽ മുറിച്ചുമാറ്റിയിരുന്നു. മകന്റെ അസുഖവും ചികിത്സയുമൊക്കെയായി ബാലകൃഷ്ണൻ ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നാണ് വിവരം.
ഇതായിരിക്കാം കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് പോലീസ് കരുതുന്നു.ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുന്പ് മരിച്ചിരുന്നു.
ഇളയ മകൻ സതീഷ് കുമാർ കോയന്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ ശ്രുതി വിവാഹിതയുമാണ്.