പാലക്കാട്: വാളയാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സൂചന. പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലാണ് ഈ സൂചനയുള്ളത്. സംഭവത്തിൽ വീടുമായി ബന്ധപ്പെട്ട ചിലരെ ചോദ്യംചെയ്ത് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
കഴിഞ്ഞദിവസമാണ് പെണ്‍കുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി മാനസിക, ശാരിരീക പീഡനത്തിന് ഇരയായിട്ടുണ്ടെന്നുള്ള സൂചന ലഭിച്ചത്.
ഇതോടെ കേസിൽ കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവും ബലാൽസംഗത്തിനുമുള്ള വകുപ്പും ചേർത്ത് അന്വേഷണം തുടങ്ങി.
വാളയാർ എസ്ഐ അന്വേഷിച്ചിരുന്ന കേസ് ഗുരുതര കുറ്റകൃത്യ സ്വഭാവത്തിലായതോടെ സിഐയോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥരോ അന്വേഷിക്കും.ഒരുവർഷംമുന്പ് അട്ടപ്പള്ളത്ത് പീഡനത്തിന് ഇരയായി സഹോദരിമാർ തൂങ്ങിമരിച്ചതിനുശേഷം ഈ മേഖലയിൽ ഏഴു പെണ്‍കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ട്. പത്തിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. പന്ത്രണ്ടോളംപേർ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.
അട്ടപ്പള്ളത്തെ സഹോദരിമാരുടെ മരണം വിവാദമായതോടെ ഉൗർജിത ബോധവത്കരണ പരിപാടികൾ നടന്നുവരുന്നുണ്ട്. ഇത് കൂടുതൽ കേസുകൾ പുറത്തുവരാൻ സഹായിച്ചിട്ടുണ്ടെങ്കിലും ഇതിനിടെ പതിനാറുകാരി തൂങ്ങിമരിച്ചത് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
അട്ടപ്പള്ളത്ത് പെണ്‍കുട്ടികളെ പീഡിപ്പിച്ച് അറസ്റ്റിലായത് വീടുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.ഇപ്പോഴത്തെ സംഭവത്തിലും വീടുമായി ബന്ധമുള്ളവരെയാണ് സംശയം. പെണ്‍കുട്ടി നിരന്തരപീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കും.