കടുത്തുരുത്തി: കോട്ടയം കടുത്തുരുത്തിയിൽ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോതനല്ലൂര്‍ തുവാനിസായ്ക്കു സമീപം താമസിക്കുന്ന വട്ടപ്പറമ്പില്‍ അനീഷിന്റെ ഭാര്യ പ്രജിത (23) ആണ് മരിച്ചത്. കല്ലംപാറ മുടിയാട്ട് വീട്ടില്‍ പരേതനായ പ്രഭാകരന് – വിജയമ്മ ദമ്പതികളുടെ മകളാണ്.
ചൊവ്വാഴ്ച്ച രാത്രി 10.30 ഓടെ അനീഷ് പണി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് പ്രജിതയെ കിടപ്പുമുറിയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ഒന്നര വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരിക്കുന്നതിനു തലേദിവസം പ്രജിത കല്ലംപാറയിലെ വീട്ടിലെത്തി മടങ്ങിയിരുന്നു.മദ്യപിച്ചെത്തുന്ന അനീഷ് വഴക്കിടാറുണ്ടെന്നു പ്രജിത പറഞ്ഞിരുന്നതായി സഹോദരന് പ്രവീണ്‍ പറഞ്ഞു.
പ്രജിതയുടെ ഫോണ്‍ അനീഷ് തല്ലി പൊട്ടിച്ചിട്ടുണ്ടെന്നും സഹോദരിയുടെ മരണത്തില്‍ സംശയമുണ്ടെന്നും പ്രവീണ്‍ പറയുന്നു.
മരണത്തില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്നും എന്നാല്‍ മരിക്കാനുള്ള കാരണം കണ്ടെത്തെണ്ടതുണ്ടെന്നും കടുത്തുരുത്തി എസ്എച്ച്ഒ സജീവ് ചെറിയാന് പറഞ്ഞു.
മരണത്തില്‍ സംശയമുണ്ടെന്ന പ്രവീണിന്റെ മൊഴിയനുസരിച്ചു അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എസ്എച്ച്ഒ അറിയിച്ചു.പ്രവിത, പ്രണവ് എന്നിവര്‍ മറ്റു സഹോദരങ്ങളാണ്.