കൊച്ചി: വിദ്യാർഥികളെ അശ്ലീല വീഡിയോ കാണിച്ചെന്ന കേസിൽ ഒന്നര മാസത്തിലേറെയായി ഒളിവിലായിരുന്ന സ്കൂൾ മുൻ പിടിഎ പ്രസിഡന്റിനെ സ്വകാര്യ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പടിഞ്ഞാറെ കടുങ്ങല്ലൂർ സ്വദേശി അജിത്കുമാറിനെയാണ് അത്താണി സാഗർ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ രണ്ടാംവാരത്തിലാണ് കേസിനാസ്പദമായ സംഭവം. 23-ന് സ്കൂളിലെ ചില വിദ്യാർഥികൾ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് അശ്ലീല ചിത്രം കാണിച്ചെന്ന വിവരം പുറത്തുവന്നത്. ഇതേതുടർന്ന് ചൈൽഡ്ലൈൻ പ്രവർത്തകർ ബിനാനിപുരം പോലീസിൽ പരാതി നൽകി. ഇതോടെ അജിത് ഒളിവിൽ പോയി.
പോക്സോ കോടതിയും സെഷൻസ് കോടതിയും മുൻകൂർ ജാമ്യഹർജി തള്ളിയതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്ന് ഇയാൾ ചില പൊതുപ്രവർത്തകർ മുഖേന ഉറപ്പു നൽകിയിരുന്നു. നിശ്ചിതസമയത്ത് മകൻ എത്തിയെങ്കിലും അജിത് സ്റ്റേഷനിൽ എത്തിയില്ല. ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു. തുടർന്ന് ഹോട്ടലിലെത്തി തിരക്കിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച വിവരമറിയുന്നത്.