കൊച്ചി: ഹൈക്കോടതി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്നു ചാടിയ ആത്മഹത്യ ചെയ്ത ഉടുന്പൻചോല പാന്പാടുംപാറ പാറപ്പുഴ മഠത്തിൽ കൃഷ്ണപൈയുടെ മകൻ രാജേഷ് പൈ (46) ഏറെ നാളായി കടുത്ത മാനസിക സംഘർഷം നേരിട്ടിരുന്ന ആളായിരുന്നെന്ന് പോലീസ്. ഇയാളുടെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് ഇതിലേക്ക് വിരൽചൂണ്ടുന്ന വിവരങ്ങൾ കിട്ടിയത്.
ഏറെ നാളായി ഗുവാഹട്ടിയിലുള്ള സ്ത്രീയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. നിരന്തരം ഈ സ്ത്രീയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അടുത്തിടെ ഇവരുടെ ബന്ധത്തിൽ അകൽച്ചയുണ്ടായി. തന്റെ സ്വന്തുക്കൾ ഈ സ്ത്രീ തട്ടിയെടുക്കുമോയെന്ന ഭയം ഇയാൾക്കുണ്ടായി. ഇതേ തുടർന്ന് ഏതാനും ആഴ്ച്ചകളായി കടുത്ത മാനസിക സമ്മർദത്തിലായിരുന്നു രാജേഷ്. അതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്.
അവിവാഹിതനായ രാജേഷ് അമ്മയോടൊപ്പം കൊച്ചി എളംകുളത്തെ ഫ്ലാറ്റിലാണു താമസിച്ചിരുന്നത്. 12 വർഷം മുൻപ് ഉടുന്പൻചോലയിൽനിന്നു കായംകുളത്തേക്കു താമസം മാറ്റിയ കുടുംബം പിന്നീട് എളംകുളത്തേക്കു മാറുകയായിരുന്നു. വോളിബോൾ താരമായിരുന്ന രാജേഷ് ഇടുക്കി ജില്ല, എംജി സർവകലാശാല ടീമുകളിൽ കളിച്ചിട്ടുണ്ട്.
എളംകുളത്തു കാറുകൾ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു. രാജേഷ് പൈയുടെ പിതൃസഹോദരൻ സച്ചിദാനന്ദ പൈ ഹൈക്കോടതി അഭിഭാഷകനാണ്. ഇദേഹത്തെ കാണാൻ രാജേഷ് മൂന്ന് ദിവസം മുൻപും കോടതിയിൽ എത്തിയിരുന്നു. അസ്വസ്ഥനായി കണ്ടതിനെത്തുടർന്നു കാരണം തിരക്കിയെങ്കിലും കാരണം പറയാതെ മടങ്ങുകയായിരുന്നു.
ഹൈക്കോടതിയിൽ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണു ആറാം നിലയിലെ കോടതി വരാന്തയിലേക്ക് ഒരു ഡയറി വലിച്ചെറിഞ്ഞ ശേഷം നടുമുറ്റത്തേക്കു ചാടി രാജേഷ് ആത്മഹത്യ ചെയ്തത്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.