കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ആരോപണവിധേയര്‍ ഒളിവിലെന്നുപോലീസ്. ഗാര്‍ഹിക പീഡനത്തെതുടര്‍ന്ന് ആത്മഹത്യചെയ്ത കുന്നുമ്മക്കര സ്വദേശി തണ്ടാർ കണ്ടി ഹമീദിന്റെ ഭാര്യ ഷബ്ന(30) യുടെ കുടുംബം അഞ്ചുപേർക്കെതിരെ തെളിവുസഹിതം പരാതിപ്പെട്ടെങ്കിലും അമ്മാവൻ ഹനീഫയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിനിടെ ഷബ്നയുടെ സഹോദരിയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.
ഭർതൃവീട്ടിലെ പീഡനത്തെക്കുറിച്ച് ഷബ്ന സഹോദരിയെ നിരന്തരം അറിയിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള നിർണായക തെളിവുകളും സഹോദരിയുടെ ഫോണിൽ ഉണ്ടെന്നാണ് സൂചന.ഇതിനിടെ അന്വേഷണത്തില്‍ മെല്ലെപ്പോക്കെന്നാരോപിച്ച് വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദിനെ അന്വേഷണ ചുമതലയിൽ നിന്നു മാറ്റണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
തിങ്കളാഴ്ചയാണ് ഷബ്നയെ വിടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷബ്ന വീടിനുള്ളില്‍ കയറി കതകടയ്ക്കുമ്പോള്‍ ബന്ധുക്കളെല്ലാം വീട്ടിലുണ്ടായിരുന്നു. ആത്മഹത്യചെയ്യുമെന്നറിയിച്ചിട്ടും ആരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.