തിരുവനന്തപുരം: കേരളാ പോലീസിൽ ആത്മഹത്യകൾ കുടുന്നതായി റിപ്പോർട്ട്. ആത്മഹത്യകൾ ചെറുക്കാൻ കൗണ്‍സിലിംഗിന് നടത്തണമെന്ന ആവശ്യം പണമില്ലാത്തത് കാരണം നടപ്പാക്കാനായില്ല. അഞ്ച് വർഷക്കാലയളവിനുള്ളിൽ സേനയിലെ 69 പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യ ചെയ്തത്. പന്ത്രണ്ട് പേർ ആത്മഹത്യശ്രമം നടത്തി. 2019 ജനുവരി മുതൽ 2023 സെപ്റ്റംബർ വരെയുള്ള കണക്കാണിത്.
ജീവനൊടുക്കിയതില്‍ ഏറെയും പൊലീസിന്റെ ഏറ്റവും താഴേതട്ടിലുള്ളവരാണ്. ജോലിയിലെ സമ്മർദ്ദവും കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളും അസുഖങ്ങളും ആത്മഹത്യയിലേക്ക് ഉദ്യോഗസ്ഥരെ നയിച്ചിട്ടുണ്ടെന്നാണ് പോലീസ് തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
32 സിവിൽ പോലീസ് ഓഫീസർമാരും 16 സീനിയർ സിവിൽ പോലീസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യചെയ്തതിൽപ്പെടുന്നു. പോലീസുകാരുടെ മാനസിക സമ്മർദ്ദം ഏറുന്നത് സംബന്ധിച്ച് വിലയിരുത്തി തയാറാക്കിയ റിപ്പോർട്ടിലാണ് സേനയിലെ ആത്മഹത്യകളെക്കുറിച്ച് വിവരിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ ജോലിയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി പല പദ്ധതികളും തുടങ്ങണമെന്ന് തീരുമാനിച്ചെങ്കിലും പണമില്ലാത്തത് കാരണം ഒന്നും നടപ്പായില്ല.