ശ്രീകാര്യം : സിഇടി കോളജിൽ ശുചി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ എൻജിനിയറിംഗ് വിദ്യാർഥി രതീഷ് കുമാറിന്റെ ഉള്ളൂരത്തെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു.വളർത്തമ്മ ഗിരിജയെ മന്ത്രി ആശ്വസിപ്പിച്ചു.രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും ഗിരിജ മന്ത്രിയോട് പറഞ്ഞു. നീതിപൂർവമായ അന്വേഷണം നടത്തുമെന്നും സർക്കാരിന്റെ പിന്തുണ കുടുംബത്തിനുണ്ടാകുമെന്നും മന്ത്രി ഉറപ്പു നൽകി.
കോളജിലെ ഒന്നാം വർഷ സിവിൽ എൻജിനിയറിംഗിന് പഠിക്കുന്ന നെയ്യാറ്റിൻകര വിശാഖത്തിൽ( ഇപ്പോൾ ഉള്ളൂർ നീരാഴി ലൈനിൽ സരസ് വീട്ടിൽ വാടകയ്ക്ക് താമസിയ്ക്കുന്ന) രതീഷ് കുമാർ (19) നെയാണ് ശനിയാഴ്ച രാത്രി 10.50 ഓടു കൂടി കോളജിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വെള്ളിയാഴ്ചയാണ് രതീഷിനെ കോളേജിൽ നിന്നും കാണാതാകുന്നത്. ഇന്നലെ പോസ്റ്റ്മാോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തു. മൊഴിയിൽ ആത്മഹത്യയെന്നും സ്ഥിതീകരിച്ചിട്ടുള്ളതായി ശ്രീകാര്യം പോലീസ് അറിയിച്ചു.