ബിനു ജോർജ്
കോഴിക്കോട്: കടക്കെണിയിലായ കർഷകരെ ധനകാര്യ സ്ഥാപനങ്ങൾ ജപ്തി ചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ ആത്മഹത്യാ സ്ക്വാഡ് രൂപീകരിക്കുന്നതടക്കുള്ള രഹസ്യ നീക്കങ്ങൾ കർഷകർക്കിടയിൽ നടക്കുമെന്ന് സർക്കാരിന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
വയനാട്ടിലെ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് കളക്ടറും ഈ വിഷയത്തിൽ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
കര്‍ഷകരെ സഹായിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നാണ് കളക്ടറും രഹസ്യാന്വേഷണ വിഭാഗവും സര്‍ക്കാരിന് സൂചന നൽകിയിരിക്കുന്നത്. ദേശസാല്‍കൃത-വാണീജ്യ, സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത വയനാട്ടിലെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാട്ടി കളക്ടര്‍ സെപ്റ്റംബര്‍ ഏഴിനും 12നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നാമമാത്രമായ ഭൂമിയില്‍ കൂര വച്ചുകഴിയുന്ന കര്‍ഷകരെ അടക്കം ജപ്തി ചെയ്ത് വഴിയാധാരമാക്കുന്ന നിലവിലെ സാഹചര്യത്തില്‍ ജപ്തിക്കെതിരേ ആത്മഹത്യാ സ്ക്വാഡ് രൂപീകരിക്കാനുളള രഹസ്യനീക്കം നടക്കുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിനെ അറിയിച്ചത്. മുമ്പ് കാർഷിക വിഷയങ്ങളിൽ മാവോയിസ്റ്റ് അനുകൂല സംഘടനകൾ ഇടപെട്ട് കർഷകരുടെ പിന്തുണ പിടിച്ചുപറ്റിയിരുന്നു. ബ്ലേഡ് പലിശ ഇടപാടുകാരനെ ഒരു പറ്റം സംഘടന പ്രവർത്തകർ പട്ടാപ്പകൽ ചെരിപ്പു മാലയണിയിച്ച് പരസ്യമായി മാനന്തവാടിയിൽ വച്ച് ജനകീയ വിചാരണ ചെയ്തിരുന്നു.
ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിൽ ഗുരുതരമായ ഈ വിഷയം പരിശോധിച്ച് രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ശിപാര്‍ശയും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗവും കളക്ടറും നൽകിയ റിപ്പോര്‍ട്ടുകൾ സൂചിപ്പിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറും സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. 2018-20 വര്‍ഷങ്ങളിലെ മഹാ പ്രളയങ്ങളും തുടര്‍ന്നുണ്ടായ കോവിഡ് മഹാമാരിയും കാരണം കര്‍ഷകര്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധികളാണ് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ദേശസാൽകൃത/വാണിജ്യ ബാങ്കുകൾ നിശ്ചിത കാലത്തേക്ക് ജപ്തി നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശം നൽകി സർക്കാർ ഉത്തരവിറക്കി.പക്ഷെ സഹകരണ ബാങ്കുകളെ ഉത്തരവിൽനിന്ന് ഒഴിവാക്കി. സഹകരണ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത കര്‍ഷകരുടെ ദുരിതവും കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു. റവന്യു റിക്കവറി (ആര്‍ആര്‍) ആക്ട് ഭേദഗതി ചെയ്യുന്ന വിഷയം പരിഗണനയിലാണെന്നും നിയമഭേദഗതി നിലവില്‍ വരുന്നതു വരെ കേരള ബാങ്ക് ഒഴികെയുള്ള മറ്റു ബാങ്കുകള്‍ ജപ്തി നിര്‍ത്തിവയ്ക്കണമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.