ചെറായി: ഭർത്താവ് ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അയൽവാസി കള്ളക്കേസ് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതാണെന്നാരോപിച്ച് വീട്ടമ്മ ആലുവ റൂറൽ എസ്പിക്ക് പരാതി നൽകി. കുഴുപ്പിള്ളി ചെറുവൈപ്പ് കണിയന്തറ ഗീതാമണിയാണ് പരാതി നൽകിയിട്ടുള്ളത്. ഇവരുടെ ഭർത്താവ് സുരേഷ് (54) കഴിഞ്ഞ 27ന് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിനു മൂന്നുദിവസം മുന്പ് അയൽപക്കത്തെ വീട്ടുകാരുമായി തർക്കമുണ്ടാകുകയും ചോദിക്കാൻ ചെന്ന പരാതിക്കാരിയുടെ മകളുടെ ഭർത്താവിനു മർദനമേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് മകളുടെ ഭർത്താവ് ആശുപത്രിയിലായിരുന്നു. മുനന്പം പോലീസ് കേസെടുത്തതോടെ അയൽവാസിയും ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
ഇതിനുശേഷം കേസിനു ബലം കിട്ടാൻ തന്റെ പ്രായപൂർത്തിയാകാത്തെ മകളോട് അതിക്രമം കാണിച്ചുവെന്ന് പറഞ്ഞ് പോലീസിൽ കേസുകൊടുക്കുമെന്നും കുടുംബത്തെ നാറ്റിക്കുമെന്നും ഭർത്താവിനെ അയൽവാസി ഭീഷണിപ്പെടുത്തിയത്രേ. ഈ മനോവിഷമത്തിലാണ് തന്റെ ഭർത്താവ് ആത്മഹത്യചെയ്തതെന്നാണ് പരാതിയിൽ പറയുന്നത്.