ഏറ്റുമാനൂര്‍: അമ്മയും രണ്ട് പെണ് മക്കളും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ഏറ്റുമാനൂര്‍- കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാറോലിക്കല്‍ കാരിത്താസ് ഗേറ്റുകള്‍ക്കു മധ്യേയാണ് അപകടമുണ്ടായത്. തെള്ളകം 101 കവല വടകര വീട്ടില്‍ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്.
തൊടുപുഴ ചുങ്കം സ്വദേശി നോബിയാണ് ഷൈനിയുടെ ഭര്‍ത്താവ്. ഇന്നു പുലര്‍ച്ചെ പള്ളിയിലേക്കെന്നു പറഞ്ഞാണ് അമ്മയും മക്കളും വീട്ടില്‍നിന്ന് ഇറങ്ങിയത്.പുലര്‍ച്ചെ 5.30നു നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ഇവരെ തട്ടിയത്. തുടര്‍ന്നു ട്രെയിന്‍ പാറോലിക്കല്‍ ഗേറ്റില്‍ നിര്‍ത്തി വിവരമറിയിക്കുകയായിരുന്നു.
മൂന്നുപേരും ട്രാക്കില്‍ നില്ക്കുന്നതു കണ്ട് നിര്‍ത്താതെ ഹോണ്‍ മുഴക്കി ഇവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അമ്മ രണ്ടു കുട്ടികളെയും മുറുകെ ചേര്‍ത്തുപിടിച്ച് ട്രാക്കില്‍ തന്നെ നില്‍ക്കുകയായിരുന്നെന്നാണ് ലോക്കോ പൈലറ്റ് മൊഴി നല്‍കിയിരിക്കുന്നത്.
മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം ചിതറിപ്പോയിരുന്നു. ഏറ്റുമാനൂര്‍ പോലീസും കോട്ടയം റെയില്‍വേ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചശേഷം മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. എട്ടു മാസത്തോളമായി ഷൈനിയും മക്കളും ഷൈനിയുടെ വീട്ടിലായിരുന്നു.
ഭര്‍ത്താവ് നോബി വിദേശത്താണ്. ഈ അധ്യയന വര്‍ഷാരംഭത്തിലാണ് അലീനയെയും ഇവാനയെയും തെള്ളകം ഹോളിക്രോസ് സ്കൂളില്‍ ചേര്‍ത്തത്. മൂത്ത മകന് എഡ്വിന് എറണാകുളത്ത് സ്പോര്‍ട്സ് സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഏറ്റുമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.