വടക്കഞ്ചേരി: കുടുംബത്തിലെ അച്ഛനും അമ്മയും മക്കളുമടക്കം നാലുപേർ വിഷംകഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഗൃഹനാഥൻ മരിച്ചു.
ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയിൽ തുടരുന്നു. നെന്മാറ ഒലിപ്പാറ സ്വദേശി കൊമ്പനാൽ രാജപ്പനാണ് (68) ഇന്ന് പുലർച്ചെ നാലിന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഭാര്യ ആനന്ദവല്ലി (60), മകൻ തോട്ടം സൂപ്രണ്ട് അനീഷ് (38) മകൾ ആശ (34) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത്.
കിഴക്കഞ്ചേരി കോട്ടേകുളം ഒടുകിൻചുവട്ടിൽ താമസിക്കുന്ന ഇവർ ഇന്നലെയാണ് വിഷം കഴിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെ ടാപ്പിംഗിനായി ഇവർ താമസിക്കുന്ന ഈരൂരിക്കൽ തോട്ടത്തിലുള്ള വീട്ടിൽ നാലുപേരെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടനെ ഇവരെ വടക്കഞ്ചേരിലെ ആശുപത്രിയിലും ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് സംശയിക്കുന്നതായി വടക്കഞ്ചേരി പോലീസ് പറഞ്ഞു.
തോട്ടത്തിൽ നിന്നു രണ്ട് ലക്ഷത്തോളം രൂപയുടെ റബർ ഷീറ്റുകളുടെ കുറവ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് രണ്ടാഴ്ച മുമ്പ് ഉടമ വടക്കഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ തീർപ്പുണ്ടാക്കി തവണകളായി പണം അടയ്ക്കാനും ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ പണം അടയ്ക്കേണ്ട അവസാന ദിവസമായിരുന്നെന്നും അതിന് സാധിക്കാത്തതിനാലുള്ള മനോവിഷമം മൂലമാണ് വിഷംകഴിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
ആറുമാസം മുമ്പാണ് മകൻ അനീഷിനെ തോട്ടത്തിലെ സൂപ്രണ്ടായി നിയമിച്ചത്. മരിച്ച രാജപ്പന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വടക്കഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.