ആലപ്പുഴ: ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ. തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആതിരയിൽ സിന്ധുവിനെയാണ് (49) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 11ന് ജീവനൊടുക്കിയ തൃക്കുന്നപ്പുഴ കിഴക്കേക്കര കറുകത്തറപ്പാട്ട് ബാബുവിന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
സിന്ധുവിന്റെ അഞ്ച് ഗ്രാം തൂക്കം വരുന്ന വള മോഷണം പോവുകയും ബാബുവാണ് ഇത് മോഷ്ടിച്ചതെന്ന് ആരോപിച്ചുകൊണ്ട് ഇവർ തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
കൂടാതെ ബാബുവിനെ കള്ളനാക്കി ചിത്രീകരിക്കുകയും നാട്ടിലാകെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തിലാണ് ബാബു ആത്മഹത്യ ചെയ്തതെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു.
അന്വേഷണം തൃപ്തികരമല്ല എന്ന് ആരോപിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ളവയും സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും കുടുബം പരാതി നൽകുകയും ചെയ്തു. ഇതിനുശേഷമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.