തിരുവനന്തപുരം: സൈനികൻ സ്വയം വെടിവെച്ച് മരിച്ച സംഭവത്തിൽ റൂറൽ എസ്പി ഓഫീസിലെ ക്ലാർക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെ ക്ലാർക്ക് ആര്യനാട് ഉഴമലയ്ക്കൽ വിപിനാലയത്തിൽ അമിതാഭ് (26) ആണ് അറസ്റ്റിലായത്. അഹമ്മദാബാദിൽ സൈനികനായി ജോലി നോക്കി വരികയായിരുന്ന ഭരതന്നൂർ സ്വദേശി വിശാഖിന്റെ മരണത്തിലാണ് അറസ്റ്റ്.
ഇക്കഴിഞ്ഞ മാസം പത്തൊന്പതിന് രാത്രിയിൽ വിശാഖ് തന്റെ സർവീസ് റൈഫിളിൽ നിന്നും സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തിരുന്നു. അഹമ്മദാബാദിലെ മിലിട്ടറി ക്യാന്പിലെ ജോലി സ്ഥലത്ത് വച്ചായിരുന്നു സംഭവം. അമിതാഭ് സൈനികനായ വിശാഖിനെ ഫോണിൽ വിളിച്ച് വളരെ മോശമായി സംസാരിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതിന്റെ മനോവിഷമത്തിലാണ് വിശാഖ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
അമിതാഭിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സൈനികന്റെ മരണത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.