പോലീസ് ലോക്കപ്പിൽ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫ്ലൈറ്റ് അറ്റൻഡന്റ് രൂപാൽ ഓഗ്രേയെ കൊലപ്പെടുത്തിയെന്നാരോപിച്ച് അറസ്റ്റിലായ 40കാരനാണ് വെള്ളിയാഴ്ച പുലർച്ചെ അന്ധേരി സ്റ്റേഷനിലെ ലോക്കപ്പിൽ ആത്മഹത്യ ചെയ്തത്.
അന്ധേരി പോലീസ് സ്റ്റേഷനിലെ ടോയ്ലറ്റിനുള്ളിൽ വിക്രം എന്ന പ്രതി പാന്റ്സ് കുരുക്കിലാക്കി തൂങ്ങുകയായിരുന്നു.
ഹൗസിങ് സൊസൈറ്റിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു വിക്രം എന്നാണ് പൊലീസ് നൽകുന്ന വിവരം. ഞായറാഴ്ച രാത്രിയാണ് അന്ധേരിയിലെ മറോൾ ഏരിയയിലെ വാടക ഫ്ളാറ്റിൽ രൂപാൽ ഒഗ്രേ (24) എന്ന വിമാന ജീവനക്കാരിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഛത്തീസ്ഗഡ് സ്വദേശിയായ പെൺകുട്ടി ഈ വർഷം ഏപ്രിൽ മുതൽ ഒരു പ്രമുഖ സ്വകാര്യ എയർലൈനിൽ പരിശീലനത്തിനായി മുംബൈയിൽ താമസിച്ചു വരികയായിരുന്നു.
പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെൺകുട്ടി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി ഇയാൾ വീട്ടുജോലി ചെയ്തു വരികയായിരുന്നു. സെപ്തംബർ എട്ട് വരെ പ്രാദേശിക കോടതി ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
പെൺകുട്ടിയെ കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ചതായി കരുതുന്ന കത്തി അന്വേഷണത്തിൽ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കത്തിക്കൊപ്പം, കുറ്റകൃത്യം നടക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തിരുന്നു. പ്രതി വിവാഹിതനും രണ്ട് പെൺമക്കളുമുണ്ട്.
പ്രതിയും പെൺകുട്ടിയും ചെറിയ കാര്യങ്ങളുടെ പേരിൽ വഴക്കിടാറുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ പ്രതി പെൺകുട്ടിയുടെ ഫ്ളാറ്റിൽ മാലിന്യം വലിച്ചെറിയുകയും വൃത്തിയാക്കാനെന്ന വ്യാജേന കയറി കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.