കോതമംഗലം: ആദിവാസി യുവാവ് നേര്യമംഗലം പാലത്തിലെ ആർച്ചിന് മുകളിൽ കയറി നിലയുറപ്പിച്ചത് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതതടസത്തിനിടയാക്കി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. നേര്യമംഗലം അഞ്ചാംമൈൽ ആദിവാസികുടിയിലെ രാജീവ് ആണ് മദ്യലഹരിയിൽ നേര്യമംഗലം പാലത്തിന്റെ ആർച്ചിന് മുകളിൽ കയറിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ആത്മഹത്യാ ശ്രമമാണെന്നു കരുതി അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമം നടത്തി. വഴങ്ങാതെവന്നതോടെ നാട്ടുകാരിൽ ചിലർ ആർച്ചിനു മുകളിൽകയറി യുവാവിനെ വടം ഉപയോഗിച്ചു പാലത്തിൽ ബന്ധിച്ചു. കോതമംഗലത്തുനിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ഊന്നുകൽ പോലീസും ചേർന്നു രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് ഇയാളെ താഴെയിറക്കാനായത്.
വടവും വലയും ഉപയോഗിച്ചു പരിക്കുകളില്ലാതെ താഴെയെത്തിച്ച രാജീവിനെ പിന്നീടു ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലേക്കയച്ചു. ഇരുപതടിയോളം ഉയരത്തിലുള്ള ആർച്ചിന് മുകളിൽ കയറിയത് എങ്ങനെയെന്ന് ഓർമയില്ലെന്നാണ് മദ്യലഹരിയിലായിരുന്ന ഇയാൾ പറഞ്ഞത്. സംഭവമറിഞ്ഞു വൻജനാവലി പാലത്തിൽ തടിച്ചുകൂടിതോടെയാണു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടത്.
ആംബുലൻസുകളും ബസുകളും കുരുക്കിൽപ്പെട്ടു. ആംബുലൻസിനു കടന്നുപോകാൻ അഗ്നിരക്ഷാസേനയുടെ വാഹനം പാലത്തിൽനിന്നു മാറ്റേണ്ടിവന്നത് രക്ഷാപ്രവർത്തനം വൈകാനും ഇടയാക്കി.