കട്ടപ്പന: വിഷം കൈത്തണ്ടയിൽ കുത്തിവച്ച് 64-കാരിയായ വീട്ടമ്മ മരിച്ചു. ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഇരട്ടയാർ കാറ്റാടിക്കവല നെടുന്പള്ളിൽ രാഘവന്റെ ഭാര്യ രാധാമണിയാണ് മരിച്ചത്. ഇരട്ടയാർ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച കേസിൽ പ്രതിയാണ് ഇവർ. മുക്കുപണ്ടം പണയംവയ്ക്കാൻ ഇവരെ ഏല്പിച്ചതു സംബന്ധിച്ച് ദുരൂഹതകളുണ്ട്. ഇതിനിടയിലാണ് മരണം സംഭവിച്ചത്.
നരിയംപാറയിലുള്ള സഹോദരന്റെ വീട്ടിലെത്തിയ രാധാമണി വിഷം ഉള്ളിൽചെന്നു മരിച്ചത്. സഹോദരന്റെ ഭാര്യയായ നേഴ്സ് ഇവർക്ക് പണം നൽകാനുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. അബോധാവസ്ഥയിലായ രാധാമണിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കളുടെ പരാതിയെതുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.