കണ്ണൂർ: കണ്ണൂരിൽ പോലീസുകാരന്റെ ആത്മഹത്യാശ്രമം. പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ജോലി ചെയ്യുന്ന പോലീസുകാരനാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. റെയിൽവേ പോലീസാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
ഇന്നു രാവിലെയാണ് സംഭവം. നേരത്തെ ഒരു മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ട്രോൾ ഷെയർ ചെയ്തതിന്റെ പേരിൽ ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തെ പിന്നീട് തിരിച്ചെടുക്കുകയും കണ്ണൂർ എആർ ക്യാന്പിൽ ജോലിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
അഞ്ചുമാസത്തോളമായി ശന്പളം ലഭിക്കാത്തതിനെ തുടർന്ന് ഏറെ മാനസിക പ്രയാസമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ഏഴിമലയിൽ രാഷ്ട്രപതി എത്തിയതിനെ തുടർന്നുണ്ടായിരുന്ന ഡ്യൂട്ടിയിൽ ഇദ്ദേഹവുമുണ്ടായിരുന്നു. തിരിച്ചെത്തിയതിനെ തുടർന്ന് വിശ്രമം പോലും അനുവദിക്കാതെ ഇന്ന് എആർ ക്യാന്പിൽ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.
അടുത്ത വർഷം വിരമിക്കാനിരിക്കെ ഏറെ സീനിയറായ ഈ ഉദ്യോഗസ്ഥനെ പാറാവ് ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഡ്യൂട്ടി എടുക്കാനും ഇദ്ദേഹം തയാറായില്ല. എനിക്ക് ശാരീരിക ക്ഷീണമുണ്ടെന്നും ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞ് ഇയാൾ അവധിക്ക് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇത് നൽകാൻ അധികൃതർ തയാറായില്ല.
ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ പിആർ നൽകുമെന്ന ഭീഷണിയും മുഴക്കിയിരുന്നു. നിലവിൽ രണ്ടു പണിഷ്മെന്റ് റോൾ നിലവിലുണ്ട്. അടുത്ത വർഷം വിരമിക്കാനിരിക്കെ വീണ്ടും ഇത്തരം ശിക്ഷാനടപടികൾ നൽകുന്നത് ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് തടസം നേരിടും.
ഈ മാനസിക സംഘർഷത്തെ തുടർന്ന് ഇദ്ദേഹം ഇറങ്ങിപ്പോയി റെയിൽവേ പാളത്തിലൂടെ നടക്കുന്നതിനിടയിലൂടെ റെയിൽവേ പോലീസിലുണ്ടായിരുന്ന സഹപ്രവർത്തകർ ഇദ്ദേഹത്തെ കാണുന്നതും കാര്യങ്ങൾ അന്വേഷിക്കുന്നതും. പൊട്ടികരഞ്ഞുകൊണ്ട് സംഭവങ്ങൾ വിവരിക്കുകയായിരുന്നു. എആർ അസി. കമാൻഡറെയും പോലീസ് അസോസിയേഷൻ ഭാരവാഹികളെയും വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.