മുക്കം: ചൊവ്വാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അനുപ്രിയയുടെ മരണത്തിൽ ദുരൂഹതയുള്ളതായി ആരോപണം. പട്ടികജാതി ക്ഷേമ സമിതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആരെയൊക്കെയോ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇവർ പറയുന്നു. അസ്വാഭാവിക മരണമായിട്ടു കൂടി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ ശ്രമിച്ചത് മുക്കം എസ്ഐയുടെ നേതൃത്വത്തിലാണന്നും ഇവർ ആരോപിക്കുന്നു. തങ്ങൾ ആവശ്യപ്പെട്ടതിന് ശേഷം മാത്രമാണ് തഹസിൽദാർ സ്ഥലത്തെത്തിയതെന്ന് പികെഎസ് നേതാവ് ഗോവിന്ദൻ പറഞ്ഞു.
കലാകായിക രംഗത്തും സ്കൂളിലെ എസ്പിസിയിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന അനുപ്രിയ പ്രത്യേക കാരണങ്ങൾ ഒന്നുമില്ലാതെ ആത്മഹത്യ ചെയ്യില്ലെന്നും ഇവർ പറയുന്നു. നാട്ടിലെ ഒരു യുവാവുമായി അനുപ്രിയയ്ക്ക് പ്രണയം ഉണ്ടായിരുന്നു. ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ യുവാവിനെ നിർബന്ധിച്ച് ഗൾഫിലേക്ക് അയയ്ക്കുകയായിരുന്നു എന്നും ആരോപണമുണ്ട്.
മൂന്ന് ദിവസം മുൻപ് യുവാവ് നാട്ടിലെത്തി അനുപ്രിയയെ കണ്ടി രുന്നു. ഇതിന് ശേഷം കുട്ടിക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അനുപ്രിയയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
മുക്കം: ചൊവ്വാഴ്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അനുപ്രിയയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കലാ കായിക രംഗത്തും എസ്പിപിസിയിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന അനുപ്രിയയുടെ മരണം ഇനിയും അംഗീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും അയൽവാസികളും സഹപാഠികളുമെല്ലാം. കാൻസർ ബാധിച്ച് പിതാവ് മരിച്ച് മൂന്ന് മാസം തികയുന്നതിന് മുൻപാണ് അനുപ്രിയയുടെ മരണം.
ആനയാംകുന്ന് ആക്കോട്ട് ചാലിൽ പരേതനായ ബാബുവിന്റെയും ഭാർഗവിയുടെയും മകളാണ് അനുപ്രിയ. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയായ അനുപ്രിയ യുടെ ഭൗതിക ശരീരത്തിൽ അന്ത്യോപചാരമർപ്പിക്കാൻ നിരവധി പേർ എത്തി. സംഭവത്തിൽ ദുരൂഹത ആരോപിച്ച് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പോലീസ് നടപടികൾ സംശയമുണർത്തുന്നതാണെന്ന് പികെഎസ് ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നു.