രാജാക്കാട്: രണ്ടുവർഷംമുന്പ് ആത്മഹത്യ ചെയ്ത ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭർത്താവ്. രാജകുമാരി ബി ഡിവിഷനിൽ താമസക്കാരനായ കല്ലൂർകാട്ടിൽ സിജോയാണ് പരാതി നൽകിയിരിക്കുന്നത്.
പോലീസ് വേണ്ടരീതിയിൽ അന്വേഷണം നടത്തുന്നില്ലെന്നാണ് പരാതി. സമീപവാസികളായ മൂന്നു യുവാക്കൾ ശല്യംചെയ്തതിന്റെ പേരിലാണ് യുവതി ആത്മഹത്യചെയ്തതെന്നും ഇയാൾ ആരോപിച്ചു.
പരാതിക്കാരനായ സിജോ സിംഗപ്പൂരിൽ ജോലിചെയ്യുന്ന സമയത്ത് 2018 ഡിസംബർ ഏഴിനാണ് ഭാര്യ ഷെർളി ജീവനൊടുക്കിയത്. സമീപവാസിയായ യുവാവും ഇയാളുടെ രണ്ടു കൂട്ടുകാരുംചേർന്ന് യുവതിയുടെ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതിനെതുടർന്ന് മനംനൊന്താണ് ഷെർളി ജീവനൊടുക്കിയതെന്നാണ് സിജോയുടെ പരാതി.
സംഭവത്തിനുശേഷം രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. എന്നാൽ ആത്മഹത്യചെയ്യാനുള്ള കാരണത്തെ സംബന്ധിച്ച് അന്വേഷിച്ചില്ലെന്നും യുവാവ് ആരോപിക്കുന്നു. ഭാര്യ മരിച്ചതിനെതുടർന്ന് നാട്ടിലെത്തിയ സിജോ ജോലി സ്ഥലത്തേക്ക് മടങ്ങിയതുമൂലമാണ് അന്വേഷണം വഴിമാറിയത്.
സമീപവാസികൾ ഭീഷണിപ്പെടുത്തുന്നതു സംബന്ധിച്ച് യുവതി ബന്ധുക്കളോട് പറഞ്ഞിരുന്നെന്നും മരിക്കുന്നതിന് നാലുദിവസം മുന്പ് യുവതി പോലീസ് സ്റ്റേഷനിൽ വിളിച്ചിരുന്നതായും ഇയാൾ പറയുന്നു.
പോലീസ് പിടിച്ചെടുത്ത് കോടതിയിൽ സമർപ്പിച്ച യുവതിയുടെ ഫോണ് കോളുകൾ പരിശോധിച്ചാൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകുമെന്നും പിതാവ് നൽകിയ മൊഴി എതിർകക്ഷികൾക്ക് ഒത്താശ ചെയ്യുന്നതിനായി പോലീസ് മാറ്റിയെഴുതിയാണ് എഫ്ഐആർ തയാറാക്കിയതെന്നും സിജോ ഡിജിപിക്കും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു.