മഞ്ചേരി: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതിശ്രുത വരന്റെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷൻസ് കോടതി തള്ളി. തിരൂരങ്ങാടി മൂന്നിയൂർ കുന്നത്ത്പറന്പിൽ താഴെ പേച്ചേരി വിഷ്ണുവി (23)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി കെ.പി ജോണ് തള്ളിയത്. വെളിമുക്ക് പടിക്കൽ പൊറാ്ട്ടുമാട്ടിൽ സുകുമാരന്റെ മകൾ സംഗീത (21) യാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. 2019 ഡിസംബർ എട്ടിനാണ് സംഭവം.
വിഷ്ണുവിന്റെയും സംഗീതയുടെയും വിവാഹം 2020 ഏപ്രിൽ 11ന് നടത്താൻ ഇരുവീട്ടുകാരും ഇക്കഴിഞ്ഞ നവംബർ ഒന്പതിനു നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയ ശേഷം വിഷ്ണു വധുവിന്റെ വീട്ടിലെത്തുകയും തന്നോടൊപ്പം പുറത്തു പോകാൻ ക്ഷണിക്കുകയും ചെയ്തു.
ഇതു ഭാര്യ വീട്ടുകാർ വിലക്കിയതോടെ വിഷ്ണു അസഭ്യം പറയുകയും ദേഹത്ത് ആസിഡ് ഒഴിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിലുള്ള മനോവിഷമം മൂലം സംഗീത ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. പരപ്പനങ്ങാടി ജെഎഫ്സിഎം കോടതി യുവാവിനെ റിമാൻഡ് ചെയ്യുകയായിരുന്നു.