കോലഞ്ചേരി: മൂന്നുവയസുകാരി ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ അമ്മയും അമ്മൂമ്മയും ആത്മഹത്യയ്ക്കു ശ്രമിച്ചു.
കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്ന കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ വച്ചാണ് ഇന്നലെ രാത്രി ഒരു മണിക്ക് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഇവര്‍ ശുചിമുറിയില്‍ പോയിട്ട് അരമണിക്കൂര്‍ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നോക്കുമ്പോള്‍ രണ്ടു കൈത്തണ്ടയം മുറിച്ച് രക്തം വാര്‍ന്ന അവസ്ഥയില്‍ കിടക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇവരെ ഐസിയുവിലേക്ക് മാറ്റവേ അമ്മയോട് ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു.
തുടര്‍ന്ന് അമ്മയുടേ അടുത്തേക്ക് ഇവരെ കൊണ്ടു ചെന്നപ്പോള്‍ അമ്മയും ഇത്തരത്തില്‍ ഒരുകൈത്തണ്ടയും മുറിച്ചിരുന്നു.
കഴുത്തില്‍ നീളത്തില്‍ മുറിവേറ്റ രീതിയില്‍ നിലത്ത് കിടക്കുകയായിരുന്നു. ഇരുവരുടെയും കൈയില്‍ ബ്ലേഡ് ഉണ്ടായിരുന്നു.
ഇരുവരുടെയും ഇപ്പോള്‍ കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് സൈക്യാട്രിക്ക് വിഭാഗം ഡോക്ടര്‍മാര്‍ ഇവര്‍ക്ക് കൗണ്‍സലിംഗ് നല്‍കും. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് സോജന് ഐപ്പാണ് ഇക്കാര്യങ്ങള്‍ പത്രസമ്മേളത്തിലൂടെ അറിയിച്ചത്.
അതേസമയം കുട്ടിയുടെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുണ്ട്. ഇന്ന് കുട്ടി മറ്റ് സഹായങ്ങളില്ലാതെ വായിലൂടെ ആഹാരം കഴിക്കാന്‍ ശ്രമിച്ചു. വിളിച്ചപ്പോള്‍ നേരെ നോക്കി കണ്ണ് തുറന്നു.
ആന്റണി ടിജിന് പോലീസ് പിടിയിൽ
കൊച്ചി: മൂന്നു വയസുകാരിക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതൃസഹോദരിയുടെ പങ്കാളി ആന്റണി ടിജിന് പോലീസ് പിടിയിലായെന്നു സൂചന.
മൈസൂരില്വച്ചാണ് ഇയാൾ പിടിയിലായതെന്നാണ് വിവരം. പോലീസ് ആന്റണിയെ ചോദ്യം ചെയ്യുകയാണ്.
കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരില്‍ എത്തിയത്. മൂന്നു പേരെയും ഇന്ന് കൊച്ചിയില്‍ എത്തിക്കും.
ഇന്നലെ ഇയാളുടെ ഫോണ്‍ പല തവണ ഓണ്‍ ആക്കിയിരുന്നു. അവസാനമായി ടവര്‍ ലൊക്കേഷന്‍ പോലീസിന് ലഭിച്ചത് കോഴിക്കോട്നിന്നായിരുന്നു.
ആന്റണിയുടെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒളിവില്‍ പോയതല്ലെന്നും പോലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നും ആന്റണി അറിയിച്ചിരുന്നു.
കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചശേഷം മുതല്‍ ആന്റണി ടിജിനും കുട്ടിയുടെ മാതൃസഹോദരിയും അവരുടെ മകനും അപ്രത്യക്ഷമാകുകയായിരുന്നു.
താന്‍ ഒളിവിലല്ലെന്നും പോലീസിനെ ഭയന്ന മാറി നില്‍ക്കുകയാണെന്നും ഇയാള്‍ ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
കുട്ടിക്ക് തക്കസമയത്ത് ചികിത്സ നല്‍കാത്തതില്‍ കുട്ടിയുടെ അമ്മയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. മറ്റു തെളിവുകള്‍ ലഭിച്ചാല്‍ അതുകൂടി ചേര്‍ത്ത് കേസെടുക്കും.
അതേസമയം കുട്ടി മുറിവുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന മറുപടിയില്‍ ഉറച്ചു നില്‍ക്കുകയാണ് കുട്ടിയുടെ അമ്മയും അമ്മൂമ്മയും.
അതുകൊണ്ടുതന്നെ ആന്റണി ടിജിനെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ കഴിയൂ.