ചിങ്ങവനം: പന്നിമറ്റം എഫ്സിഐ ജീവനക്കാരി ജീവനൊടുക്കിയതിനു പിന്നിൽ കുടുംബപ്രശ്നങ്ങളെന്ന് സൂചന.
പെരുന്പാവൂർ സ്വദേശിനിയും കടുത്തുരുത്തി ആപ്പാഞ്ചിറ രാജ് ഭവനിൽ ബിനു രാജിന്റെ ഭാര്യയുമായ നയന ശശിധര(31)നെയാണു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാകാമെന്നു പോലീസ് സംശയിക്കുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ നിലപാട്.
മുറിയിൽ പിടിവലിയോ ബഹളമോ നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയില്ലെന്നു ചിങ്ങവനം പോലീസ് പറഞ്ഞു.
പാക്കിൽ പ്രവർത്തിക്കുന്ന ഫുഡ് കോർപ്പറേഷൻ ഇന്ത്യ ഓഫീസിന്റെ ഗോഡൗണിനോടു ചേർന്നുള്ള ഓഫീസ് മുറിയിലെ കന്പ്യൂട്ടർ ടേബിളിനു മുകളിലെ ഫാനിൽ ഷാളിൽ തൂങ്ങി മരിച്ച നിലയിലാണു കൊമേഴ്സ്യൽ വിഭാഗം ജീവനക്കാരിയെ കണ്ടെത്തിയത്.
അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് വിഭാഗം ജീവനക്കാരിയായ നയന ജോലി സമയം കഴിഞ്ഞും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.
ജോലി സമയം കഴിഞ്ഞും വർക്കുകൾ തീർത്തതിനുശേഷമാണ് നയന വീട്ടിലേക്കു മടങ്ങിയിരുന്നത്. നയന ഫയൽ നോക്കുന്നത് കണ്ടിട്ടാണ് സഹപ്രവർത്തകർ വീടുകളിലേക്കു മടങ്ങിയത്.
ഇന്നലെ രാത്രി എട്ടു കഴിഞ്ഞും വീട്ടിൽ എത്താതിരുന്നതിനെ തുടർന്നാണ് ബന്ധുക്കൾ സഹപ്രവർത്തകരോട് വിവരം തിരക്കിയത്.
വൈകുന്നേരം ഓഫീസ് പൂട്ടിയിറങ്ങുന്പോൾ ഓഫീസ് മുറിയിൽ ലൈറ്റ് ഇല്ലായിരുന്നതായി സെക്യൂരിറ്റി ജീവനക്കാരൻ പോലീസിനോട് പറഞ്ഞു.
ചിങ്ങവനം സ്റ്റേഷൻഹൗസ് ഓഫീസർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ പോലീസ് ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്നു രാവിലെ ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.