പേരൂർക്കട: സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് പരമാവധി ശ്രമിച്ചു എങ്കിലും ആ കുടുംബത്തിന് അത് കഴിയാതെ വന്നു.
ലോക് ഡൗൺ മൂലം ഉണ്ടായ ഗുരുതരമായ സ്ഥിതിവിശേഷം ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥയിൽ ആക്കിയതോടെയാണ് കുടുംബം ആത്മഹത്യയിലേക്ക് തിരിഞ്ഞത്.
ബന്ധുക്കളും സുഹൃത്തുക്കളും ഇതാണ് വ്യക്തമാക്കുന്നത്. മുണ്ടക്കയം സ്വദേശിയായ മനോജും കുടുംബവും എട്ടുവർഷം മുമ്പാണ് നന്തൻകോട്ടെ വീട്ടിൽ താമസമാക്കിയത്.
സ്വർണപ്പണിക്കാരനായ മനോജ്കുമാർ, ചാലയിലെ ജ്വല്ലറികളിൽ നിന്നും ലഭിക്കുന്ന ഓർഡർ അനുസരിച്ച് സ്വർണാഭരണങ്ങൾ നിർമിച്ച് നൽകിയാണ് കുടുംബം പോറ്റിയിരുന്നത്.
ഭാര്യ രഞ്ജുവിന് ഒരു സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ഉണ്ടായിരുന്നെങ്കിലും മകൾ വളർന്നതോടെ അവളുടെ സുരക്ഷയെ ഓർത്ത് ജോലി ഉപേക്ഷിച്ചു.
പിന്നീട് ഭർത്താവിനൊപ്പം രഞ്ജുവും സ്വർണാഭരണ നിർമാണത്തിൽ പങ്കുചേർന്നു. എന്നാൽ ആദ്യ ലോക്ഡൗണോടെ കുടുംബം കൂടുതൽ പ്രതിസന്ധിയിലായി.
വീട്ടുവാടകയും മറ്റു ചെലവുകളും മകളുടെ വിദ്യാഭ്യസ ചെലവുമെല്ലാം ബാദ്ധ്യതയായി മാറിയതോടെ പണിക്കായി പലരും ഏൽപ്പിച്ചിരുന്ന സ്വർണാഭരണങ്ങൾ പണയം വച്ച് ചെലവ് നടത്തി.
കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും സ്വർണക്കടകൾ അടച്ചിട്ടതോടെ ഇവരുടെ പ്രതീക്ഷകളും തകിടം മറിഞ്ഞു. പത്താംക്ലാസ് വിദ്യാർഥിയായ മകൾ അമൃതയുടെ അധ്യാപികയും ഇതുപോലെ സ്വർണാഭരണം പണിയാനായി ഇവരെ ഏൽപ്പിച്ചിരുന്നു.
ഇതും പണയം വച്ചു. സ്വർണം തിരികെ ആവശ്യപ്പെട്ട് ആധ്യാപിക വിളിച്ചത് സംബന്ധിച്ച് വീട്ടിൽ മനോജും രഞ്ജുവും തമ്മിൽ നിരന്തര പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായതായി മനോജ്കുമാറിന്റെ സുഹൃത്തുക്കൾ പറയുന്നു.
മൂന്ന് മാസം മുമ്പ് മനോജ് കുമാർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഒരു അപകടത്തിൽപെട്ടിരുന്നു. എന്നാൽ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സ്കൂട്ടർ തിരികെ കിട്ടിയതുമില്ല.
സ്കൂട്ടർ വിറ്റുകിട്ടുന്ന പണമെങ്കിലും ഉപയോഗിച്ച് തത്കാലം പിടിച്ചുനിൽക്കാനുള്ള ശ്രമവും ഇതോടെ ഇല്ലാതായി.
കടം വാങ്ങിയ പണവും സ്വർണാഭരണം പണിയുന്നതിന് ഏൽപ്പിച്ച സ്വർണവും ആവശ്യപ്പെട്ട് ആളുകൾ വീടുകളിൽ എത്തിയതോടെ മനോജ് ധർമസങ്കടത്തിലായി. ഞായറാഴ്ച രാത്രിയിൽ മനോജ്കുമാർ മദ്യപിച്ചാണ് വീട്ടിലെത്തിയതെന്ന് അയൽവാസികൾ പറയുന്നു.
അധ്യാപികയുടെ സ്വർണം തിരികെ കൊടുക്കാത്തതിനെ കുറിച്ച് വീട്ടിൽ വഴക്കുണ്ടായി. തുടർന്നാണ് മനോജ് സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന പൊട്ടാസ്യം സയനേഡ് സാനിറ്റൈസറിൽ കലർത്തി കഴിച്ചത്.
തുടർന്ന് ഇയാൾ മരണവെപ്രാളം കാട്ടുകയും ഛർദിക്കുകയും ചെയ്തതോടെ രഞ്ജു പോലീസിലും സുഹൃത്തുക്കളെയും വിവരം അറിയിച്ചു.
പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു. എന്നാൽ മനോജിന്റെ മരണവിവരം സുഹൃത്തുകൾ രഞ്ജുവിനെയും മകളെയും അറിയിച്ചില്ല.
പകരം നഗരത്തിൽ തന്നെയുള്ള രഞ്ജുവിന്റെ ബന്ധുക്കളോട് പറയുകയും ഇവരുടെ വീട്ടിലെത്താൻ ആവശ്യപ്പെടുകയുമായിരുന്നു. രാത്രി രണ്ടരയോടെ ബന്ധുക്കൾ എത്തിയെങ്കിലും കതകും ജനാലകളുമെല്ലാം പൂട്ടിയ നിലയിലാണ് കണ്ടത്.
തുറക്കാതായതോടെ പോലീസിന്റെറ സഹായത്തോടെ കതക് ചവിട്ടി തുറന്നപ്പോഴാണ് കട്ടിലിൽ മകളും നിലത്തായി രഞ്ജുവും സയനൈഡ് കഴിച്ച് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്.
ലോക് ഡൗൺ പ്രതിസന്ധി ജീവിതം തകർത്തതായി സമീപവാസികൾക്ക് ഏകദേശ സൂചനകൾ ലഭിച്ചിരുന്നുവെങ്കിലും കുടുംബത്തിലെ മൂന്നുപേർ ആത്മഹത്യ ചെയ്തത് ഒരു ഭീതിയുടെ നിഴലിൽ മാത്രമേ നാട്ടുകാർക്ക് കാണാൻ ആവുന്നുള്ളൂ..!