എത്രകാലം കള്ളത്തരങ്ങൾ കാണിച്ചാലും എന്നെങ്കിലുമൊരിക്കൽ പിടിക്കപ്പെടുമെന്നല്ലേ പറയുന്നത്. അങ്ങനെ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ ആയിരിക്കുകയാണ്. ഇവിടെ കള്ളനും കള്ളിയുമാണ് പിടിയിലായത്. ഹരിയാനയിലെ സോനിപത്തിലെ സർവകലാശാലയിലാണ് സംഭവം.
ആൺകുട്ടികളുടെ ഹോസ്റ്റലിലേക്ക് പെൺകുട്ടിയെ കയറ്റാൻ സ്യൂട്ട്കേസിൽ കൊണ്ടുവന്ന കാമുകനാണ് ഇവിടുത്തെ ഹീറോ. എങ്ങനെയും പെൺകുട്ടിയെ ഹോസ്റ്റൽ മുറിയിൽ എത്തിക്കണമെന്ന് മാത്രമേ യുവാവിന് ലക്ഷ്യമുണ്ടായുള്ളു. അങ്ങനെ എവിടുന്നോ കഷ്ടപ്പെട്ട് ഒരു സ്യൂട്ട്കേസ് അയാൾ ഒപ്പിച്ചെടുത്തു. കാമുകിയെ അതിനുള്ളിൽ കയറ്റി ഉന്തിക്കൊണ്ട് ഹോസ്റ്റലിലേക്ക് വന്നു. പെൺകുട്ടിയും അതിനുള്ളിൽ മിണ്ടാതെ ഒതുങ്ങിയിരുന്നു. എന്നാൽ പിന്നീടങ്ങോട്ടാണ് കഥയിൽ ട്വിസ്റ്റ് ഉണ്ടായത്.
സ്യൂട്ട്കേസ് കൊണ്ടുവരുമ്പോൾ ബമ്പിൽ ചെറുതായൊന്നു തട്ടി. അപ്പോഴേക്കും പെൺകുട്ടി പേടിച്ച് നിലവിളിച്ചു. അതോടെ സുരക്ഷാ ജീവനക്കാർക്ക് സംശയം തോന്നി. തുടർന്ന് യുവാവിനെ തടഞ്ഞ് നിർത്തി സ്യൂട്ട്കേസ് പരിശോധിച്ചു. പെൺകുട്ടിയെ അതിനുള്ളിൽ കണ്ടതോടെ സുരക്ഷാ ജീവനക്കാർ സർവകലാശാല അധികൃതരെ വിവരം അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോ പരന്നതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. ഐഡിയ കൊള്ളാമായിരുന്നു പക്ഷേ മിഷൻ ചീറ്റിപ്പോയി എന്നാണ് പല വിരുതൻമാരും കമന്റ് ചെയ്തത്.