രാജകുമാരി: ശാന്തൻപാറയിൽ അതിഥിതൊഴിലാളിയായ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.
മധ്യപ്രദേശ് സ്വദേശിനി പ്രിയങ്ക (22)യുടെ മൃതദേഹമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ശാന്തൻപാറ പള്ളിക്കുന്നിനു സമീപത്തെ കുളത്തിൽ കണ്ടെത്തിയത്.
കുളത്തിൽ ചൂണ്ടയിടാൻ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർക്കൊപ്പം താമസിച്ചിരുന്ന തൊഴിലാളിയായ പ്രദീപിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
യുവതി മരിച്ചതിനു പിന്നാലെയാണ് ഇയാളെ കാണാതായത്. യുവതിയുടെ മരണവുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. പള്ളിക്കുന്നിനു സമീപത്തെ വീട്ടിലാണ് പ്രദീപും പ്രിയങ്കയും താമസിച്ചിരുന്നത്.
മധ്യപ്രദേശ് സ്വദേശികളായ അജിത്ത്, സാവിത്രി എന്നിവരും ഇവർക്കൊപ്പം താമസിച്ചിരുന്നു. തമിഴ്നാട് സ്വദേശിയുടെ ഏലത്തോട്ടത്തിലായിരുന്നു ഇവർക്ക് ജോലി.
കഴിഞ്ഞ ഞായറാഴ്ച്ച അജിത്തും സാവിത്രിയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ഇരുവരും വിഷം കലർത്തിയ ചായ കുടിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
തുടർന്ന് വിവരം അറിഞ്ഞ ഏലത്തോട്ടം സൂപ്പർവൈസർ സ്ഥലത്തെത്തി ഇരുവരെയും രാജകുമാരിയിലെ ആശുപത്രിയിലും പിന്നീട് അടിമാലിയിലേക്കും മാറ്റി. നില വഷളായതോടെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇരുവരും ഇന്നലെയാണ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. ഇവരെ രണ്ടു പേരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയതു മുതൽ പ്രദീപിനെയും പ്രിയങ്കയെയും കാണാതായെന്ന് പോലീസ് പറയുന്നു.
പ്രദീപിനെയും അജിത്തിനെയും സാവിത്രിയെയും ചോദ്യം ചെയ്യുന്നതിലൂടെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്.
പ്രിയങ്കയുടെ മുങ്ങിമരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം .മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും.