സ്വന്തം ലേഖകൻ
മുളങ്കുന്നത്തുകാവ്: ആത്മഹത്യക്കു ശ്രമിച്ചയാളെ പോലീസ് സമയോചിതമായി ഇടപെട്ടു രക്ഷിച്ചു.
കോളങ്ങാട്ടുകര വരാഹമൂർത്തി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ദന്പതികളിൽ ഭർത്താവാണ് ആത്മഹത്യക്കു ശ്രമിച്ചത്.
ഭർത്താവ് മർദിക്കുന്നതായി 100 എന്ന നന്പറിൽ വിളിച്ചറിയിച്ച ഭാര്യയുടെ പരാതി അന്വേഷിക്കാൻ മെഡിക്കൽ കോളജ് പോലീസ് കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് ആത്മഹത്യക്കു ശ്രമിച്ചത്.
എസ്ഐ ബാബുവും പോലീസുകാരൻ ഗിരീഷും ചേർന്ന് ഇവരുടെ വീട്ടിലെത്തി ഭാര്യയിൽ നിന്നും വിവരങ്ങൾ ആരായുന്നതിനിടെ പോലീസ് വന്നതറിഞ്ഞ് ഭർത്താവു വീട്ടിനുള്ളിൽ തന്നെ തൂങ്ങിമരിക്കാൻ ശ്രമം നടത്തുകയായിരുന്നു.
ഭാര്യയിൽ നിന്നും പരാതി സംബന്ധിച്ച് വിശദാംശങ്ങൾ എസ് ഐ ബാബു ശേഖരിക്കുന്പോൾ പോലീസുകാരൻ ഗിരീഷ് വീടിനുചുറ്റും പരിശോധിക്കുന്നതിനിടയി ലാണു പരാതിക്കാരിയുടെ ഭർത്താവ് തൂങ്ങിമരിക്കാൻ ശ്രമിക്കുന്നതു കണ്ടത്.
ഉടൻ ഗിരീഷ് എസ്ഐയോടു വിവരം പറയുകയും ലോക്ക് ചെയ്ത വാതിൽ തുറക്കാൻ ശ്രമിച്ചിട്ട് നടക്കാതെ ഒടുവിൽ ചവിട്ടിത്തുറന്ന് അകത്തുകടക്കുകയുമായിരുന്നു.
ഇതിനിടെ ഹുക്കിലിട്ട ലുങ്കി കഴുത്തിൽ കുരുക്കി താഴെക്ക് ചാടിയ ഭർത്താവിനെ എസ്ഐ തന്നെ മുകളിലേക്കു പിടിച്ചുയർത്തുകയും ഗിരീഷ് ഹുക്കിൽ നിന്ന് ലുങ്കി മുറിച്ചെടുക്കുകയും ചെയ്തു. അപ്പോഴേക്കും വിവരമറിഞ്ഞ് അയൽവാസികളും ഓടിയെത്തി.
തുടർന്ന് പോലീസ് ജീപ്പിൽതന്നെ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.