യുഎഇയിൽ ഹെവി ലൈസൻസ് നേടുന്ന ആദ്യ വനിതയായി മലയാളി. കൊല്ലം കൂരിപ്പുഴ തൃക്കടവൂർ സ്വദേശിനി സുജ തങ്കച്ചനാണ് ദുബായിയിൽ നിന്നും ഹെവി ലൈസൻസ് സ്വന്തമാക്കിയത്. ഖിസൈസിലെ സ്വകാര്യ സ്കൂൾ ബസിലെ കണ്ടക്ടറായിരുന്ന സുജ തന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ് സാക്ഷാത്ക്കരിച്ചിരിക്കുന്നത്.
വാഹനം ഓടിക്കണമെന്ന ആഗ്രഹം ചെറുപ്പം മുതൽ മനസിൽ സൂക്ഷിച്ചിരുന്നയാളാണ് സുജ. മൂന്ന് വർഷം മുൻപ് യുഎഇയിൽ എത്തിയ സുജ സ്വകാര്യ സ്കൂൾ ബസിലെ കണ്ടക്ടറായി ജോലി ചെയ്തു വരികയായിരുന്നു. അന്ന് തൊട്ടേ ഹെവി ലൈസൻസ് എടുക്കണമെന്ന ആഗ്രഹം സുജയുടെ മനസിൽ വളർന്നു.
വീട്ടിലും സ്കൂൾ അധികൃതരോടും ഈ കാര്യത്തെക്കുറിച്ച് അറിയിച്ചപ്പോൾ പൂർണപിന്തുണയാണ് സുജയ്ക്ക് ലഭിച്ചത്. ഡ്രൈവിംഗ് പരിശീലനവും ജോലി സമയവും തമ്മിൽ പ്രശ്നമായപ്പോൾ സ്കൂൾ അധികൃതർ തന്നെ അത് ക്രമീകരിച്ചു നൽകി. ഏറെ നാളത്തെ പരിശീലനത്തിന് ശേഷം ഏഴാം തവണയാണ് സുജ ഹെവി ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ വിജയിച്ചത്.
ഇതോടെ യുഎഇയിൽ ഹെവി ബസ് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്ന ആദ്യ വനിതയെന്ന പേരും സുജയ്ക്ക് സ്വന്തമായി. അൽ അഹലി ഡ്രൈവിംഗ് സെന്ററിന്റെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് അറിയിച്ചിരിക്കുന്നത്. സുജയെ ആദരിക്കുകയും ചെയ്തു.