നെയ്യാറ്റിന്‍കര : പിരായുംമൂടിനടുത്ത് നെയ്യാറില്‍ മുങ്ങിമരിച്ച യുവതിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. മരണത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ്.
നെടുമങ്ങാട് കരകുളം സ്വദേശിനിയായ സുജ (37) യെയാണ് കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര പിരായുംമൂടിനടുത്ത് നെയ്യാറില്‍ മുങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
സുജ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. സംഭവത്തിനു മൂന്നു ദിവസം മുന്‍പാണ് സുജ പിരായുംമൂട്ടിലെത്തിയതെന്നും ആറാലുംമൂട് സ്വദേശിയായ ഉണ്ണികൃഷ്ണന് (47) വാടകയ്ക്ക് എടുത്ത വീട്ടില്‍ അയാളോപ്പമായിരുന്നു സുജ താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
താനും സുജയും തമ്മില്‍ മ്യൂസിയത്തില്‍ വച്ചാണ് പരിചയപ്പെട്ടതെന്നും പലപ്പോഴും കണ്ടുമുട്ടാറുണ്ടായിരുന്നതായും ഉണ്ണികൃഷ്ണന് പറഞ്ഞതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം നെയ്യാറില്‍ തുണി നനയ്ക്കാനും കുളിക്കാനുമായി പോയതാണ് സുജ. നനച്ചതിനു ശേഷം കുളിക്കാനിറങ്ങവെ മുങ്ങിത്താഴ്ന്നതെന്നാണ് പറയപ്പെടുന്നത്. ആഴത്തിലുള്ള മണല്ക്കുഴികളുള്ള ഭാഗമാണ് അവിടം.
സമീപത്തെ രണ്ടു പാലങ്ങള്ക്കരികിലൂടെയുള്ള ഒഴുക്കും ഇവിടെ ഇറങ്ങി പരിചയമില്ലാത്തവര്‍ക്ക് അപകടമുണ്ടാക്കാനിടയുണ്ടെന്നും പോലീസ് ചൂണ്ടിക്കാട്ടി. പിന്നീട് നെയ്യാറില്‍ മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്.
സുജ വെള്ളത്തില്‍ വീണ വിവരം നാട്ടുകാരെയോ പോലീസിനെയോ ഉണ്ണികൃഷ്ണന് അറിയിച്ചിട്ടില്ലായെന്നത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു. സുജയുടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം കൃത്യമായി അറിയാനാവൂയെന്നും പോലീസ് പറഞ്ഞു.