അഗളി: ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റുമേഞ്ഞ വീടുകളിൽനിന്ന് ഖദീജയ്ക്കും സുജാതയ്ക്കും മോചനമായി.
അട്ടപ്പാടിയിൽ ഓണ്‍ലൈൻ വിദ്യാഭാസത്തിനായി കുട്ടികൾക്ക് ടിവിയും മറ്റ് അനുബന്ധ സൗകര്യങ്ങളും നല്‍കാനായി വിവിധ ഭാഗങ്ങളിൽ എത്തിയ സമയത്താണ് ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്ന സുജാതയെയും ഖദീജയെയും ശാന്തിയുടെ പ്രവർത്തകർ കണ്ടത്.
ടിവി വയ്ക്കാൻപോലും സൗകര്യമില്ലാത്ത ഇവർക്ക് ശാന്തി ഡയറക്ടർ ഉമാ പ്രേമൻ വീട് വച്ചുനല്കാൻ തീരുമാനിക്കുകയായിരുന്നു. മുക്കാലി ചോലക്കാട്ട് ഖദീജയ്ക്കും ഷോളയൂർ പെട്ടിക്കല്ലിൽ സുജാതയ്ക്കും ഒരു മാസത്തിനകം വീടുകൾ നിർമിച്ചു നല്കി.
മൂന്നുലക്ഷം രൂപയാണ് ഒരു വീടിന്റ നിർമാണചെലവ്. ഖദീജയുടെ വീടിന്റ താക്കോൽദാനം കഴിഞ്ഞ ദിവസം മുക്കാലിയിൽ നടന്നു. ഇന്നലെ പെട്ടിക്കല്ലിൽ സുജാതയ്ക്കുള്ള വീടിന്റെ കൈമാറ്റവും നടന്നു. രണ്ടു വീട്ടുകാരും വർഷങ്ങളായി കിടപ്പാടമില്ലാതെ കഴിയുകയായിരുന്നു.
കുട്ടികൾ പഠിച്ചിരുന്നത് ടാർപോളിൻ മറച്ച ഷെഡുകളായിരുന്നു. അട്ടപ്പാടിയിൽ ഇതിനകം നിരവധിപേർക്ക് വീടുകൾ നിർമിച്ചു നല്‍കിയതിന് പുറമെ വീട് നന്നാക്കുന്നതിനായും, സ്വയം തൊഴിൽ കണ്ടെത്തൽ, സ്ത്രീ ശാക്തീരണപദ്ധതി,
റിഹാബിലിറ്റേഷൻ സെൻറർ, ഡയാലിസിസ് സെന്റർ എന്ന വയിലൂടെ നിരവധിപേരുടെ ആശ്വാസ കേന്ദ്രമാണ് ശാന്തി പ്രൊജക്ടും അതിനെ നയിക്കുന്ന ഉമാ പ്രേമന്റെ പ്രവർത്തനങ്ങളും.