കോൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി എംപിയുടെ ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ബിജെപി എംപി സൗമിത്ര ഖാന്റെ ഭാര്യ സുജാത മൊണ്ടാൽ ഖാനാണ് തൃണമൂൽ അംഗത്വം സ്വീകരിച്ചത്.
ഭാരതീയ ജനത യുവമോർച്ചയുടെ പ്രസിഡന്റായ സൗമിത്ര ഖാൻ ബിഷ്ണുപൂരിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്. ബിജെപി ജനങ്ങൾക്ക് ശരിയായ ബഹുമാനവും സംരക്ഷണവും നൽകുന്നില്ലെന്ന് തൃണമൂലിൽ ചേർന്ന ശേഷം സുജാത മൊണ്ടാൽ ആരോപിച്ചു.
കളങ്കിതരായ നേതാക്കളെ ശുദ്ധീകരിക്കാൻ ബിജെപി ഉപയോഗിക്കുന്നത് ഏതു തരത്തിലുള്ള സോപ്പാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സുജാത പരിഹസിച്ചു.
അതേസമയം, സുജാതയുടെ തൃണമൂൽ പ്രവേശനം അവരുടെ കുടുംബത്തിലും വിള്ളലുണ്ടാക്കിയിരിക്കുകയാണ്. സൗമിത്ര ഖാൻ വിവാഹമോചന നോട്ടീസ് നൽകിയതായാണ് വിവരം.
കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കളിലൊരാളായ സുവേന്ദു അധികാരിയും സംഘവും ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ ഭാര്യ തന്നെ തൃണമൂൽ കോൺഗ്രസിലേക്ക് എത്തിയിരിക്കുന്നത്.