ഒന്നല്ല, ഒരായിരം പേർക്ക് ഉദാഹരിക്കാനുള്ള മാതൃകയാണ് സുജാത. പേര് മാറുമെന്ന് മാത്രമേയുള്ളൂ. ഒന്നു ചികഞ്ഞെടുത്താൽ ഒരുപാട് ഒരുപാട് സുജാതമാരെ ഈ കൊച്ചു കേരളത്തിൽ കാണാൻ കഴിയും. അവരുടെ പ്രതിനിധിയായി എത്തിയ മഞ്ജുവാര്യർ വീട്ടുജോലിക്കാരിയായി, വീട്ടമ്മയായി, വിദ്യാർഥിനിയായി പ്രേക്ഷകർക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയാണ്. സ്ത്രീപക്ഷ സിനിമകളിൽ തളച്ചിടപ്പെടുന്നുവെന്ന ചീത്തപ്പേര് മഞ്ജു തന്റെ രണ്ടാം വരവിൽ കൂടപ്പിറപ്പിനെ പോലെ കൊണ്ടുനടക്കുകയാണ്. അതിൽ നിന്നും പുറത്തുകടക്കാനുള്ള വഴി മഞ്ജുവിന് “ഉദാഹരണം സുജാത’ എന്ന ചിത്രവും തുറന്നു കൊടുക്കുന്നില്ല. പക്ഷേ, ഏറ്റെടുത്ത കഥാപാത്രം വെടിപ്പോടെ ചെയ്ത് തീർക്കാൻ ഏറെക്കുറെ മഞ്ജുവിന് കഴിഞ്ഞുവെന്നു തന്നെ പറയാം.
ഹിന്ദിയിലും പിന്നീട് തമിഴിലും അശ്വിനി അയ്യർ തിവാരി സംവിധാനം ചെയ്ത ചിത്രമാണ് ഫാന്റം പ്രവീണെന്ന നവാഗത സംവിധായകൻ ഉദാഹരണം സുജാതയെന്ന പേരിൽ മലയാളികളുടെ ഇടയിലേക്ക് എത്തിച്ചിരിക്കുന്നത്. തമിഴിൽ അമലാപോൾ പ്രധാന വേഷത്തിലെത്തി തന്റെ അഭിനയ മികവ് തെളിയിച്ച കഥാപാത്രം മഞ്ജുവാര്യർ എങ്ങനെയായിരിക്കും കൈകാര്യം ചെയ്യുക എന്ന കൗതുകം ചിത്രത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. അമ്മ കണക്കിലെ ശാന്തിയോടൊപ്പം (അമല പോൾ) എത്താൻ നന്നേ വിഷമിക്കുന്ന സുജാതയേയാണ് (മഞ്ജു വാര്യർ) ചിത്രത്തിന്റെ തുടക്കത്തിൽ കാണാൻ കഴിയുക. പോക പോകെ ശാന്തിയെ വിട്ട് തിരുവനന്തപുരംകാരി സുജാതയായി മഞ്ജു ജീവിക്കാൻ തുടങ്ങുന്നതോടെ കഥയുടെ മട്ടും ഭാവവുമെല്ലാം താനെ മാറി.
കണക്ക് പുസ്തകത്തിലെ കണക്കുകളും ജീവിതത്തിലെ കണക്കുകൂട്ടലുകളും തമ്മിലുള്ള പോരാട്ടമാണ് ചിത്രത്തിൽ കാണാൻ കഴിയുക. സുജാതയും മകൾ ആതിരയും (അനശ്വര രാജൻ) മത്സരാഭിനയം കാഴ്ചവച്ചതോടെ തുടക്കം മുതൽ ഉത്തരം കിട്ടാത്ത പല കണക്കുകൾക്കുമുള്ള ഉത്തരങ്ങൾ കഥ സഞ്ചരിക്കും വഴിയെ കിട്ടിത്തുടങ്ങും. മകളുടെ ജീവിത്തിൽ കണക്ക് വലിയൊരു ചോദ്യചിഹ്നമായി മാറുന്ന അവസരത്തിലാണ് സുജാത രണ്ടും കൽപ്പിച്ചൊരു തീരുമാനമെടുക്കുന്നത്. “ആ തീരുമാനം എന്താണെന്നുള്ളത് നിങ്ങൾ തിയറ്ററിൽ പോയി തന്നെ കണ്ടറിയുക’.
പിന്നീട് അങ്ങോട്ട് സംഭവിക്കുന്ന കാര്യങ്ങൾ ഏതൊരു പ്രേക്ഷകർക്കും പ്രചോദനം നൽകുന്നതാണ്. പലരും പലപ്പോഴും ആലോചിച്ച് പലകുറി മാറ്റിവച്ച തീരുമാനങ്ങൾ സംവിധായകൻ സുജാതയിലൂടെ നടപ്പാക്കി കാണിക്കുകയാണ് സ്ക്രീനിൽ. അമ്മയുടെയും മകളുടെയും മനസിലെ ചിന്തകൾക്കിടയിലൂടെ സിനിമ പോകുന്നതിനിടയിൽ പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. സ്കൂളിലെ ഹെഡ്മാസ്റ്ററായി എത്തി ജോജു ജോർജ് കൈയടി നേടുന്നത് സുജാതയുടെ തീരുമാനത്തിന് താങ്ങും തണലുമായി നിന്നുകൊണ്ടാണ്. തമിഴിൽ സമുദ്രക്കനി കൈകാര്യം ചെയ്ത വേഷം ജോജു കൈയടക്കത്തോടെ അവതരിപ്പിച്ചു.
കഥയ്ക്കൊപ്പം ഒഴുകുന്ന പാട്ടുകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഒരിക്കൽ പോലും അരോചകമായി തോന്നാത്ത ലളിതമായ പശ്ചാത്തല സംഗീതമാണ് ഗോപീസുന്ദർ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ആദ്യപകുതി സാധാരണ ജീവിതം നയിക്കുന്ന വീട്ടമ്മയുടെ പങ്കപ്പാടുകൾ കാട്ടിത്തരാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. ആ ബുദ്ധിമുട്ടുകൾ അത്രയും പകർന്നാടാൻ മഞ്ജുവിന് കഴിഞ്ഞിട്ടുമുണ്ട്. “ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലെ പോലെ മടിയുടെ മാറാല സുജാതയിലും മഞ്ജു വകഞ്ഞു മാറ്റുന്നുണ്ട്. രണ്ടും രണ്ടു തലത്തിൽ നിന്നു കൊണ്ടാണെന്നു മാത്രം.
രണ്ടാം പകുതിയിൽ മകളുടെ വാശിയും അമ്മയുടെ ആഗ്രഹവും തമ്മിലുള്ള വടംവലിയാണ് കാണാൻ കഴിയുക. ആകാവുന്നിടത്തോളം നിരുത്സാഹപ്പെടുത്തി അമ്മയെ പഴയ വഴിയിലേക്ക് തിരിച്ച് വിടാനുള്ള മകളുടെ ശ്രമം അനശ്വര എന്ന കൊച്ചുമിടുക്കി തന്മയത്വത്തോടെ കൈകാര്യം ചെയ്തു. അമ്മയ്ക്കും മകൾക്കും ഇടയിലുണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഒരു പരിധിവരെ സംവിധായകൻ വിജയിച്ചു.
പക്ഷേ, ക്ലൈമാക്സിലേക്ക് എത്തുന്പോൾ സെന്റിമെൻസ് രംഗങ്ങൾ കടത്തിവിട്ട് സ്ത്രീപ്രേക്ഷകരെ തൃപ്തിപ്പെടുത്താനുള്ള ശ്രമം കടന്നകൈയായി പോയി. അതുവരെ നല്ലൊഴുക്കിന്റെ പാതയിൽ പോയ ചിത്രത്തിന്റെ ബാലൻസിംഗ് തെറ്റിക്കാൻ മാത്രമേ അത്തരം രംഗങ്ങൾ ഗുണം ചെയ്തുള്ളു. അല്പസ്വല്പം പാകപ്പിഴകൾ ഉണ്ടെങ്കിലും ഒരുവട്ടം കണ്ടിരിക്കാനുള്ള വകയെല്ലാം ഈ അമ്മയും മകളും കൂടി ഉദാഹരണം സുജാതയിൽ ഒരുക്കിവച്ചിട്ടുണ്ട്. അതു പക്ഷേ, അമ്മകണക്കിനോളം വരില്ലായെന്നു മാത്രം.
(മഞ്ജു സുജാതയായി… പക്ഷേ മഞ്ജു പഴയ മഞ്ജുവായിട്ടില്ല.)
വി.ശ്രീകാന്ത്