ഇരിങ്ങാലക്കുട: സിപിഎം നിയന്ത്രിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടക്കുന്ന അഴിമതിക്കെതിരെ ഏകാംഗ പ്രതിഷേധം നടത്തിയ സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി സുജേഷ് കണ്ണാട്ടിനു നേരിടുന്നത് വധഭീഷണിയും പാർട്ടിയിൽ നിന്നു പുറത്താക്കലും.
കൂലിപ്പണിക്കാരും നിർധനരും ഏറെയുള്ള മേഖലയാണെന്നതിനാൽ അവരുടെ ബുദ്ധിമുട്ടു കണ്ടറിഞ്ഞാണ് സുജേഷ് പ്രശ്നത്തിലിടപ്പെട്ടത്.
തന്റെ ബ്രാഞ്ചിലെ മുതിർന്ന നേതാവാണ് ബാങ്കിന്റെ പ്രധാന ഭാരവാഹി എന്നതിനാൽ ജനങ്ങളുടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യവുമായി സുജേഷ് ആദ്യമെത്തിയത് ഇദ്ദേഹത്തിന്റെ അടുത്താണ്.
എന്നാൽ, ആവശ്യം പരിഗണിക്കപ്പെടാതെ പോയതോടെ കഴിഞ്ഞ ജൂണ്‍ 14 നു ബാങ്കിനു മുന്നിലെ റോഡിൽ കുത്തിയിരുന്നു സുജേഷ് സമരം നടത്തി.
സമരം ശ്രദ്ധയാകർഷിച്ചതോടെ പാർട്ടി വെട്ടിലായി. ഇതോടെയാണ് സുജേഷിനും കുടുംബാഗങ്ങൾക്കും നേരെ വധഭീഷണി എത്തിയത്.
ഇതിലൊന്നും കുലുങ്ങാതെ സുജേഷ്, അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പരാതി അയച്ചു. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സഹകരണ രജിസ്ട്രാർക്കു കൈമാറുകയും അന്വേഷിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.