പാലക്കാട്; കാറിടിച്ച് പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ കാറിൽ നിന്നും ഇറക്കിവിട്ടതിനെ തുടർന്ന് കുട്ടി മരിച്ച സംവത്തിൽ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. പുത്തനത്താണി സ്വദേശി നാസർ ആണ് സംഭവസമയം കാർ ഓടിച്ചിരുന്നത്. നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകൻ സുജിത് (12) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിന്ന സുജിത്തിനെ കാർ ഇടിച്ചിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ കുട്ടിയെ ഇടിച്ച കാറിൽ തന്നെ ആശുപത്രിയിലേക്ക് പോകുന്ന വഴി ഇറക്കി വിടുകയായിരുന്നെന്ന് കുട്ടിയുടെ കൂടെ പോയ പരമൻ പറഞ്ഞു. നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടുപോകാനാണ് പറഞ്ഞതെങ്കിലും കാർ പാലക്കാട് ഭാഗത്തേക്കാണ് പോയതെന്ന് പരമൻ പറഞ്ഞു.
തുടർന്ന് ഇടയ്ക്കു വച്ച് ടയർ പഞ്ചറായെന്നും മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനും കാറിലുണ്ടായിരുന്നവർ പറഞ്ഞു. ഇതോടെ എതിരെ വന്ന വാഹനത്തിൽ കുട്ടിയെ കയറ്റി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മലപ്പുറം റജിസ്ട്രേഷനിലുള്ള കാറാണ് ഇടിച്ചതെന്നും നന്പർ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അപ്പുപിള്ളിയൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ് സുജിത്. അമ്മ:രാധ, സഹോദരൻ സൂരജ്.