പാലക്കാട്: കാറിടിച്ചു വീണ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച് മുങ്ങിയ സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവറെ റിമാൻഡ് ചെയ്തു. മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയാണു കോടതി റിമാൻഡ് ചെയ്തത്. മന:പൂർവമല്ലാത്ത നരഹത്യക്കു കസബ പോലീസ് കേസെടുത്ത നാസറിന്റെ ലൈസൻസ് റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന നല്ലേപ്പിള്ളി കുറുമന്ദാം പള്ളം സുദേവന്റെ മകൻ സുജിതിനെ ( 12) ആണ് കാറിടിച്ചത്. ഇടിച്ചശേഷം അതേ കാറിൽ കൊണ്ട ുപോയെങ്കിലും പകുതി വഴിയിലെത്തിയപ്പോൾ ടയർ പഞ്ചറായായെന്നു പറഞ്ഞ് ഡ്രൈവർ ഇറക്കിവിട്ടു. മറ്റൊരു വാഹനത്തിൽ കയറ്റിവിട്ട ശേഷം കാറിലെ യാത്രക്കാർ രക്ഷപ്പെടുകയായിരുന്നു.
ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണു കാറിന്റെ ഉടമ മലപ്പുറം പുത്തനത്താണി സ്വദേശി അഷ്റഫാണെന്നു തിരിച്ചറിഞ്ഞത്. തുടർന്നാണ് കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തത്. ടയർ പഞ്ചറായെന്നു പറഞ്ഞു കുട്ടിയെയും തന്നെയും ഇറക്കി കാർ യാത്രക്കാർ സ്ഥലം വിടുകയായിരുന്നെന്നു കൂടെ പോയ പരമൻ എന്നയാൾ പറഞ്ഞു.
ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും ചെവിക്കൊള്ളാതെ ഡ്രൈവർ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു. എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നു പരമൻ പറഞ്ഞു.
അപ്പുപ്പിള്ളയൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തച്ഛന്റെ ചരമവാർഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽവച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാൻ റോഡരികിൽ നിൽക്കുന്പോഴാണ് അപകടം. അമ്മ: രാധ. സഹോദരൻ: സൂരജ്.