ഇരിങ്ങാലക്കുട: സഹോദരിയെ ശല്യം ചെയ്യുന്നത് ചോദിച്ചതിലുള്ള വിരോധത്തിൽ സുജിത്ത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കേസിലെ പ്രതിയെ സാക്ഷികൾ തിരിച്ചറിഞ്ഞു. ഇരിങ്ങാലക്കുട അഡീഷണൽ ഡിസ്ട്രിക്ട് സെക്ഷൻസ് കോടതിയിലെ വിചാരണക്കിടെയാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞത്.
കൊലപാതകത്തിനുശേഷം ഒളിവിൽ പോയ പ്രതി മിഥുനെ സഹായിച്ച ഓട്ടോ ഡ്രൈവർ ലൈജു എന്നയാളെയും, സംഭവ ദിവസം ഒന്നിച്ച് ബസ് സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന സാക്ഷികളും, അന്നേദിവസം പെട്രോൾ പന്പിൽ പെട്രോൾ നിറയ്ക്കാൻ വന്ന ആളുമാണ് കോടതിയിൽ വിചാരണയ്ക്കിടെ പ്രതികളെ തിരിച്ചറിഞ്ഞത്.
കേസിൽ ഇരിങ്ങാലക്കുട ഗവണ്മെന്റ് പ്ലീഡർ അഡ്വ. പി.ജെ. ജോബിയാണ് പബ്ലിക് പ്രോസിക്യൂട്ടർ.
ബസ് സ്റ്റാൻഡിൽ സുജിത്ത് അനുസ്മരണം നടന്നു
ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിൽ സുജിത്ത് എന്ന യുവാവിനെ മർദിച്ചു കൊലപെടുത്തിയതിന്റെ അനുസ്മരണം നടത്തി. സഹോദരിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ രണ്ട് വർഷം മുന്പാണ് സുജിത്തിനെ (26) ഓട്ടോ ഡ്രൈവർ ക്രൂരമായി മർദിച്ചത്.
മർദനത്തിനുശേഷം ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. പട്ടാപകൽ നടന്ന അരുംകൊലയ്ക്ക് ശേഷവും പ്രതിജാമ്യത്തിലിറങ്ങി വിലസുകയാണെന്ന് സുജിത്തിന്റെ വീട്ടുകാർ ആരോപിച്ചു.
പ്രതിയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് അനുസ്മരണ യോഗത്തിന് പങ്കെടുത്ത കോണ്ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, വാർഡ് കൗണ്സിലർ അന്പിളി ജയൻ, മുകുന്ദപുരം പ്രവാസി കൂട്ടായ്മ സെക്രട്ടറി കണ്ണൻ തണ്ടാശേരി, പ്രവാസി വ്യവസായി നിസാർ അഷ്റഫ് തുടങ്ങിയവർ ആവശ്യപ്പെട്ടു.