അരൂർ: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പാറയി കേരളത്തിൽനിന്നു യോഗ്യത നേടിയ അരൂർ സ്വദേശി പി.എസ്. സുജിത്ത് മേയ് രണ്ടിന് ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പറക്കും.
അരൂർ കാട്ടാമ്പള്ളിക്കളത്തിൽ പി.കെ. ശശിയുടെയും ചിന്നയുടെയും മൂന്ന് ആൺമക്കളിൽ ഇളയ മകനാണ് സുജിത്ത്. വർഷങ്ങൾക്കു മുമ്പ് മഹാരാജാസിൽ പഠിക്കുമ്പോൾ ജപ്പാനുമായി കളിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സുജിത്ത് നാട്ടിൽ സൂപ്പർ സ്റ്റാറായി.
ഇംഗ്ലണ്ടിലെ സെന്റ് ജോർജ് പാർക്കിൽ മേയ് ആറ്, ഏഴ്, ഒൻപത് തീയതികളിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ബ്ലൈൻഡ് ഫുട്ബോൾ ടീമിനെ നേരിടുന്ന ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പർ മാത്രമല്ല സുജിത്ത്, ഇന്ത്യ-ജപ്പാൻ സൗഹൃദ മത്സരത്തിൽ ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം അസിസ്റ്റന്റ് കോച്ച്കൂടിയായിരുന്നു.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം ഇന്ത്യയ്ക്ക് നേടിതന്ന മത്സരത്തിൽ ഇന്ത്യയുടെ ഗോൾവലയം കാത്തുസൂക്ഷിച്ചത് സുജിത്ത് ആയിരുന്നു.
ഇന്ത്യൻ ടീം ഓസ്ട്രേലിയയ്ക്കെതിരെയും ജപ്പാനെതിരെയും നേരിട്ടത് കൊച്ചിയിൽ വച്ചായിരുന്നു. തായ്ലാൻഡിലും ഒമാനിലും വച്ചുനടന്ന മത്സരങ്ങളിലും ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീമിന്റെ ഗോൾകീപ്പർ ആയി ഇന്ത്യയെ നയിക്കാൻ കഴിഞ്ഞത് അഭിമാനമായി സുജിത്ത് കരുതുന്നു.