തൊടുപുഴ: പീഡനത്തെത്തുടർന്ന് ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന് എട്ടുവർഷം തടവും 40,000 രൂപ പിഴയും.
കരുണാപുരം കുഴിഞ്ഞാളൂർ നിരപ്പേൽക്കട പുല്ലുംപ്ലാവിൽ സുജിത്തി(39)നെയാണ് തൊടുപുഴ നാലാം അഡീഷണൽ ആൻഡ് ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. അനീഷ്കുമാർ ശിക്ഷിച്ചത്.
ഇയാളുടെ ഭാര്യ രാമക്കൽമേട് ബാലൻപിള്ള സിറ്റി വെട്ടിക്കൽ മഞ്ജു(29)വാണ് 2016 നബംബർ 20ന് വീട്ടിൽ ജീവനൊടുക്കിയത്.
2010-ലായിരുന്നു സുജിത്തും മഞ്ജുവും തമ്മിലുള്ള വിവാഹം. മദ്യപിച്ചെത്തുന്ന സുജിത്ത് മഞ്ജുവിനെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
മഞ്ജുവിന്റെ സ്വർണം വിറ്റ് പാട്ടത്തിനെടുത്ത കൃഷിയിടത്തിന് സമീപത്തുള്ള വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.
ഒരിക്കൽ അവിടെയെത്തിയ അമ്മ വത്സ മർദനമേറ്റ് ചെവിയിൽനിന്ന് ചോരയൊലിക്കുന്ന നിലയിലാണ് മഞ്ജുവിനെ കണ്ടത്.
അന്നു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മഞ്ജു തയാറായില്ല. എന്നാൽ അമ്മ വന്നത് മഞ്ജു വിളിച്ചിട്ടാണെന്നുപറഞ്ഞ് പ്രതി വീണ്ടും വഴക്കുണ്ടാക്കി.
മഞ്ജുവിന്റെ ഫോണ് തല്ലിത്തകർത്തു. ക്രൂരമർദനം തുടർന്നതോടെ ഒരുവയസുള്ള മകനുമായി യുവതി വീട്ടിലേക്ക് പോയി.
മഞ്ജു ജീവനൊടുക്കിയ ദിവസവും പ്രതി വീട്ടിലെത്തിയിരുന്നു. ഗൾഫിൽ പോകുകയാണെന്ന് പറയാനാണ് എത്തിയത്.
മകന്റെ ഒന്നാം പിറന്നാളിന് ഉടുപ്പ് വാങ്ങി നൽകണ്ടേ എന്നു ചോദിച്ചപ്പോൾ പ്രതി അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോകുകയായിരുന്നു.
മുൻപും ഇയാളുടെ പീഡനം സഹിക്കാതെ യുവതി ആത്മഹത്യാശ്രമം നടത്തിയിരുന്നു. അത് പരാജയപ്പെട്ടപ്പോൾ പ്രതി കുരുക്കിടേണ്ടത് എങ്ങനെയെന്ന് കാട്ടിക്കൊടുക്കുകയാണ് ചെയ്തത്.
മഞ്ജുവിന്റെ ഇരട്ടസഹോദരിക്ക് ഒരുലക്ഷം രൂപ വീട്ടുകാർ നൽകിയതിനെചൊല്ലിയും ഇയാൾ വഴക്കുണ്ടാക്കിയിരുന്നു.
ഇതെല്ലാം യുവതിയുടെ ആത്മഹത്യക്ക് കാരണമായെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മഞ്ജുവിന്റെ കുട്ടിയെ സഹോദരിയാണ് ഇപ്പോൾ സംരക്ഷിക്കുന്നത്.
കട്ടപ്പന ഡിവൈഎസ്പിയായിരുന്ന എൻ.സി. റെജിമോനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എബി ഡി. കോലത്ത് ഹാജരായി.