കോയന്പത്തൂർ: ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത് മരിച്ചു. മൃതദേഹം അഴുകിയ നിലയിൽ. മറ്റ് വഴികളിലൂടെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. സമാന്തര തുരങ്കനിർമാണം നിർത്തിവച്ചെന്ന് റവന്യൂ സെക്രട്ടറി.
73 മണിക്കൂറിലേറെയായി സുജിത് കിണറിൽ വീണിട്ട്. സമാന്തരമായി റിഗ് ഉപയോഗിച്ചു കുഴിയെടുത്തു പുറത്തെടുക്കാനുള്ള ശ്രമമാണു നടന്നുകൊണ്ടിരുന്നത്. സമാന്തരമായി നിർമിച്ചുകൊണ്ടിരിക്കുന്ന കിണറിലെ പാറ കടുപ്പമേറിയതായതിനാൽ സാവധാനമാണു പ്രവൃത്തി നടന്നിരുന്നത്. ഇതിനാൽ മറ്റു മാർഗങ്ങൾ പരിക്ഷിക്കാനായിരുന്നു തീരുമാനം.
നാലു ദിവസമായി സുജിത് കിണറ്റിൽ അകപ്പെട്ടിട്ട്. ഇപ്പോൾ 88-90 അടിയിലാണു സുജിത് ഉള്ളതെന്നാണു നിഗമനം. പ്രതികൂല കാലാവസ്ഥ, യന്ത്രത്തകരാർ എന്നിവ രക്ഷാപ്രവർത്തനം വൈകിപ്പിച്ചു.
കടുപ്പമേറിയ പാറയായതിനാൽ ഒഎൻജിസിയുടെ റിഗിന്റെ പല്ലുകൾ അടിക്കടി മാറ്റേണ്ടി വന്നു. സുജിത് വീണിരിക്കുന്ന കിണറിനു സമീപം ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ മണ്ണുള്ള പ്രദേശങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചു.
സമാന്തരമായി നിർമിച്ചുകൊണ്ടിരിക്കുന്ന കിണറിന്റെ നിർമാണം പൂർത്തിയായി കുഞ്ഞിന്റെ അരികിലേക്കെത്താൻ ഇനിയും 24 മണിക്കൂർ വേണ്ടിവരുമെന്നാണു ദേശീയ ദുരന്തനിവാരണ സേനയുടെ കണക്കുകൂട്ടിയിരുന്നത്.