ഇരിങ്ങാലക്കുട: സഹോദരിയെ ശല്യപ്പെടുത്തിയതു ചോദ്യം ചെയ്തതിന് ബന്ധുവായ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഓട്ടോഡ്രൈവർ പടിയൂർ പത്താഴക്കാട്ടിൽ ഫൽഗുണന്റെ മകൻ മിഥുനുവേണ്ടി പോലീസ് ഊർജിത തിരച്ചിൽ ആരംഭിച്ചു.
ഇരിങ്ങാലക്കുട കൊരുന്പിശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ വേണുഗോപാൽ മകൻ സുജിത്ത് (26) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു മരണം. ഞായറാഴ്ച വൈകീട്ട് ആറു മണിയോടെയാണ് ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോറിക്ഷാ പേട്ടയിൽവെച്ച് സുജിത്തിന് മർദ്ദനമേറ്റത്.
സംഭവശേഷം മിഥുൻ ഒളിവിൽ പോകുകയായിരുന്നു. പോലീസ് മിഥുനുവേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മിഥുനിനെ പിടികൂടുന്നതിനായി ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇരിങ്ങാലക്കുട സിഐ എം.കെ സുരേഷ് കുമാർ, എസ്ഐമാരായ കെ.എസ്. സുശാന്ത്, തോമസ് വടക്കൻ, ആറോളം ഷാഡോ പോലീസ് അംഗങ്ങളും ഉൾപ്പെട്ട അന്വേഷണ സംഘമാണ് രൂപീകരിച്ചിട്ടുള്ളത്.
പ്രതി മുന്പ് ഗൾഫിൽ ജോലി ചെയ്ത് പരിചയമുള്ളതിനാൽ പ്രതിയുടെ ഫോട്ടോയും വിശദവിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് തയാറാക്കി എല്ലാ എയർപോർട്ടുകളിലും അറിയിപ്പു നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോട്ടോയും അടയാള വിവരങ്ങൾ സഹിതം ക്രൈം കാർഡ് തയാറാക്കി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രത്യേകം അറിയിപ്പും നൽകിയിട്ടുണ്ട്.
സംഭവത്തിനുശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച പ്രതിയുടെ ഓട്ടോറിക്ഷ പ്രതിയുടെ വീടിനു സമീപം ഒളിപ്പിച്ചുവച്ചിരുന്ന നിലയിലായിരുന്നു. സിഐ എം.കെ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ ഓട്ടോറിക്ഷ കണ്ടെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പ്രതിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കൊരുന്പിശേരി തേങ്ങി, വ്യാപക പ്രതിഷേധം
ഇരിങ്ങാലക്കുട: സുജിത്തിന്റെ വിയോഗത്തിൽ കൊരുന്പിശേരി ഗ്രാമം തേങ്ങി. സൗമ്യനും ശാന്ത പ്രകൃതക്കാരനുമായിരുന്നു സുജിത്ത്. നാട്ടുകാരുടെ ഏതാവശ്യങ്ങളിലും ഇടപ്പെട്ടിരുന്ന സുജിത്തിന് നല്ലൊരു സുഹൃദ് വലയം ഉണ്ടായിരുന്നു. ബന്ധുവായ യുവതിയെ ശല്യം ചെയ്തതു ചോദ്യം ചെയ്തതിനു ക്രൂരമർദനത്തിനിരയായി മരിക്കുകയായിരുന്നു സുജിത്ത്.
ഹൃദയ ഭേദകമായ കാഴ്ചകളാണ് സുജിത്തിന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ ഉണ്ടായത്. നാട്ടുകാർക്കും വീട്ടുകാർക്കും ജീവിതവഴികളിൽ ഒന്നിച്ചു നടന്നവർക്കും സങ്കടം അടക്കാനായില്ല. ഈ കുടംബത്തിന്റെ ഏക അത്താണിയായിരുന്നു മരണമടഞ്ഞ സുജിത്ത്.
പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. നഗരമധ്യത്തിൽ ക്രൂരമായ ആക്രമണം നടത്തിയശേഷം ഒളിവിൽപോയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇത്തരം പ്രവർത്തനങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതിയെ നിയമത്തിനു മുന്പിൽ കൊണ്ടുവരികയും ഇത്തരം ഗുണ്ടാ ക്രിമിനൽ പ്രവർത്തനം ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ ഇടപെടൽ ബന്ധപ്പെട്ട അധികാരികൾ എടുക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക്് സെക്രട്ടറി സി.ഡി. സിജിത്ത്, പ്രസിഡന്റ് ആർ.എൽ. ശ്രീലാൽ എന്നിവർ ആവശ്യപ്പെട്ടു.
നഗരത്തിലെ ഗുണ്ടാ വിളയാട്ടം തടയാൻ പോലീസ് ജാഗ്രത കാണിക്കണമെന്ന് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു. ഒരാഴ്ച മുന്പ് പട്ടാപ്പകൽ നഗരത്തിൽവെച്ചാണ് നിരവധി കേസുകളിലെ പ്രതിയായ ഒരാൾ വാഹനം തടഞ്ഞുനിർത്തി എഐവൈഎഫ് നേതാവ് കൃഷ്ണകുമാറിനെ ആക്രമിച്ചതും. ആ കേസിലെ പ്രതിയെയും പിടികൂടാൻ പോലീസിന് കഴിഞ്ഞില്ല. ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുകയും സുജിത്തിന്റെ കൊലയാളിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐ മണ്ഡലം സെക്രട്ടറി പി. മണി ആവശ്യപ്പെട്ടു.