പത്തനാപുരം: വാഹന വർക്ഷോപ്പ് നിർമിക്കുന്നതിനെതിരെ എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതിൽ മനംനൊന്ത് ഇളമ്പലില്‍ സുഗതൻ എന്ന പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ യഥാര്‍ത്ഥ കാരണക്കാരല്ല അറസ്റ്റിലായതെന്ന് സുഗതന്റെ മകന് സുജിത് രാഷ്ട്രദീപികയോട് പറഞ്ഞു.
യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഭരണസ്വാധീ നം ഉപയോഗിച്ച് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സുജിത് പറഞ്ഞു.അച്ഛന്റെ മരണത്തിന് കാരണക്കാര്‍ ശിക്ഷിക്കപ്പെടാന്‍ ഏതറ്റം വരെയും പോകും. ആത്മഹത്യ ചെയ്ത ഭൂമിയില്‍തന്നെ വര്‍ക്ക്ഷോപ്പ് നിര്‍മ്മാണം നടത്താനുള്ള നടപടി ഉണ്ടാകണമെന്നും അത് അച്ഛന്റെ സ്വപ്നമായിരുന്നെന്നും സുജിത് പറഞ്ഞു.
അതേസമയം പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ പേര് ഉടന്‍ പിടിയിലാകുമെന്ന് പോലീസ്.കോടതി റിമാൻഡ് ചെയ്തവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കും.ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കൂട്ടത്തില്‍ കൂടുതല്‍ ആളുകളുടെ പങ്ക് കണ്ടെത്തുന്നതിന് ചോദ്യം ചെയ്യാനാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നത് .പ്രതികളുടെയും സുഗതന്റെയും ഫോണ്‍രേഖകള്‍ സൈബര്‍ സെല്ലിന്റെയും സഹായത്തോടെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.
എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ് ഗിരീഷ്(31),സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും,എഐവൈഎഫ് നേതാവുമായ ഇളമ്പല്‍ ചീവോട് പാലോട്ട്മേലേതില്‍ ഇമേഷ്(34),ചീവോട് സതീഷ് ഭവനില്‍ സതീഷ്(32) എന്നിവരെയാണ് കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ പത്തനാപുരം സിഐ എം. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം പത്തോട അറസ്റ്റ് രേഖപ്പെടുത്തി.
ഇമേഷും,സതീഷും പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനുദ്ദേശിച്ച സ്ഥലത്ത് കൊടികുത്തിയത് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പത്തോളം സിപിഐ എഐവൈഎഫ് , പ്രവര്‍ത്തകര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കാണ് കുന്നിക്കോട് പോലീസ് കേസെടുത്തത്. കൂടുതല്‍ പ്രതികള്‍ കീഴടങ്ങാന്‍ സാധ്യതയുളളതായും പോലീസ് പറഞ്ഞു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.