അനുശ്രീയെ പ്രധാനകഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് ഒരുക്കുന്ന ചിത്രമാണ് ഓട്ടര്‍ഷ. ജെയിംസ് ആന്‍ഡ് ആലിസിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
ഓട്ടോ ഡ്രൈവറായാണ് സിനിമയില്‍ അനുശ്രീ എത്തുക. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം തുടങ്ങി. ചിത്രത്തിനായി ഓട്ടോ ഓടിക്കാന്‍ അനുശ്രീ പ്രത്യേകപരിശീലനം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രീകരണ സ്ഥലത്തുനിന്നുള്ള ഒരു വീഡിയോ സംവിധായകന് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നു.
സഹതാരത്തെ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ ആണ് സുജിത്ത് പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ‘ഒപ്പമുള്ളവരെ സഹായിക്കാന്‍ മികച്ച വ്യക്തിത്വത്തിന് ഉടമകളായവര്ക്കേ സാധിക്കൂ. ഈ വീഡിയോ എടുക്കാനും പോസ്റ്റ് ചെയ്യാതിരിക്കാനും എനിക്ക് കഴിയില്ലായിരുന്നു. ഈ പെണ്‍കുട്ടി തന്റെ സഹതാരത്തെ സഹായിക്കുന്നത് കാണുമ്പോള്‍ ഒരുപാട് ബഹുമാനം തോന്നുന്നു. എല്ലാവരും ഇതുപോലെ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അനുശ്രീയോട് ബഹുമാനം’. സുജിത്ത് വാസുദേവ് പറഞ്ഞു.
അനുശ്രീയുടെ കഥാപാത്രമാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക.
നേരത്തെയും അനുശ്രീ എന്ന നടിയുടെ എളിമയും സഹപ്രവര്‍ത്തകരോടും സെറ്റിലെ മറ്റ് ജോലിക്കാരോടുള്ള സമീപനവും വാര്‍ത്തയാവുകയും ധാരാളം ആളുകള്‍ അനുശ്രീയ്ക്ക് അഭിനന്ദനം അറയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. സെറ്റില്‍ ഭക്ഷണം തയാറാക്കുന്നവര്ക്കൊപ്പം കൂടി, അനുശ്രീ ദോശ ചുടുന്നതിന്റെ വീഡിയോയും അടുത്തകാലത്ത് ചര്‍ച്ചയായിരുന്നു.