ചവറ : ചവറയില്‍ ആരംഭിക്കുന്ന കോവിഡ് ആശുപത്രിയുടെ മുന്നൊരുക്കങ്ങള്‍ നിയുക്ത എംഎല്‍എ ഡോ. സുജിത് വിജയന്‍പിളള വിലയിരുത്തി.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആൻഡ് മെറ്റല്‍സ് ലിമിറ്റഡാണ് (കെഎംഎംഎല്‍) പ്രത്യേക ആശുപത്രി സജ്ജമാക്കുന്നത്.
കമ്പനിക്ക് സമീപമുളള ശങ്കരമംഗലം ഗവ. ഹയര്‍സെക്കൻഡറി സ്കൂളിലാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം താൽക്കാലിക ആശുപത്രിയായി മാറുന്നത്.കെഎംഎംഎല്ലില്‍ കഴിഞ്ഞവര്‍ഷം പുതിയതായി നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റില്‍നിന്നും പൈപ്പ് ലൈന്‍ വഴി സ്കൂളിലേക്ക് നേരിട്ട് ഓക്സിജന്‍ വിതരണം നടത്തും.
ആശുപത്രി സജ്ജീകരണത്തിന്റെ ഭാഗമായി സ്്കൂൾ പൂർണമായും അധികൃതർ ഏറ്റെടുത്തിട്ടുണ്ട്. സ്കൂളിൽ നിലവിൽ 300 കിടക്കകൾ ആണ് സജ്ജീകരിക്കുന്നത്. അതിൽ 100 കിടക്കകൾ എത്തി എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ചവറ ഗവ. കോളേജില്‍ 500 കിടക്കകള്‍ കൂടി സജ്ജീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്.
ക്ലാസ് മുറികള്‍ തികഞ്ഞില്ലെങ്കില്‍ സ്കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേക ടെന്റുകളില്‍ 1000 കിടക്കകള്‍കൂടി സ്ഥാപിക്കും. സിഎസ്ആര്‍ ഫണ്ടില്‍നിന്നും ഒരുകോടി രൂപ ചെലവഴിച്ചാണ് കോവിഡ് ആശുപത്രി സജ്ജീകരിക്കുന്നത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ആരംഭിച്ചിട്ടുളള ആശുപത്രിയുടെ സജ്ജീകരണങ്ങള്‍ ആരോഗ്യ, റവന്യു, കെ എം എം എൽ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും നേരിട്ട് എത്തി വിലയിരുത്തി.